ജര്‍മനിയില്‍ ദയാവധം വ്യവസ്ഥാപരമായി നിരോധിച്ചു
Friday, November 6, 2015 10:02 AM IST
ബര്‍ലിന്‍: ജര്‍മനിയില്‍ ദയാവധം ഭാവിയില്‍ നിരോധിക്കാന്‍ പാര്‍ലമെന്റ് അനുമതി നല്‍കി. വെള്ളിയാഴ്ച രാവിലെ പാര്‍ലമെന്റില്‍ ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയെത്തുടര്‍ന്നുള്ള വോട്ടടുപ്പില്‍ 602 അംഗങ്ങള്‍ പങ്കെടുത്തു. 360 അംഗങ്ങളാണ് ബില്ലിനെ പിന്താങ്ങിയത്. ക്രിസ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയനിലെ (സിഡിയു) മിഷായേല്‍ ബ്രാന്‍ഡ്, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ (എസ്പിഡി) കെര്‍സ്റിന്‍ ഗ്രീസെ എന്നിവരാണു ബില്‍ അവതരിപ്പിച്ചത്. ഇതനുസരിച്ച് മുന്നാലോചനയിലൂടെ കൊണ്ടുവരുന്ന ദയാവധം അനുവദിക്കില്ല. കൂടാതെ ദയാവധം കച്ചവടമാക്കുന്നതും നിരോധിച്ചു. നിയമം ലംഘിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവുശിഷയാണു ലഭിക്കുക. എന്നാല്‍ ഒരുതരത്തിലും ചികിത്സയിലൂടെ ഭേദമാക്കാന്‍ കഴിയാതെ വരുന്ന രോഗം പിടിപെട്ടവരെ ജീവന്‍ ഒടുക്കുന്നതിനുള്ള മരുന്നുകള്‍ നല്‍കാന്‍ അനുവാദമുണ്ട്.

പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ ആദ്യമേ തന്നെ അംഗങ്ങളുടെ അനുകൂലപ്രതികരണം ഉണ്ടായിരുന്നതുകൊണ്ട് വോട്ടെടുപ്പില്‍ ബഹുഭൂരിപക്ഷത്തോടെയാണ് പാസായത്.

യൂറോപ്പില്‍ നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം, സ്വിറ്റ്സര്‍ലന്‍ഡ്, ലക്സ്ബര്‍ഗ് എന്നീ രാജ്യങ്ങളില്‍ ദയാവധം നിയമപരമായി അനുവദിച്ചിട്ടുണ്ട്. എന്നാല്‍ പോളണ്ടില്‍ ദയാവധം നിയമം മൂലം നിരോധിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍