ചാമ്പ്യന്‍സ് ലീഗ്: ബയേണ്‍ ആഴ്സനലിന്റെ കഥ കഴിച്ചു
Thursday, November 5, 2015 9:59 AM IST
മ്യൂണിക്ക്: ചാമ്പ്യന്‍സ് ലീലില്‍ ആഴ്സനലിനെതിരേ ബയേണ്‍ മ്യൂണിക്കിനു ഒന്നിനെതിരേ അഞ്ചു ഗോളിന്റെ മൃഗീയ വിജയം.

ആദ്യ പാദത്തില്‍ നടന്ന എവേ മത്സരത്തില്‍ ഇംഗ്ളീഷ് ടീമില്‍നിന്നു നേരിട്ട പരാജയത്തിനു പ്രതികാരം ചെയ്യുകയായിരുന്നു ജര്‍മന്‍ വമ്പന്‍മാര്‍. ഇതോടെ ഗ്രൂപ്പ് എഫില്‍ നിന്ന് മുന്നേറാനുള്ള വഴിയും ആഴ്സനലിനു ദുഷ്കരമായിരിക്കുകയാണ്. ഗ്രൂപ്പില്‍ ബയേണ്‍ ലീഡ് ചെയ്യുന്നു.

പോളിഷ് ഗോള്‍ മെഷീന്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ ഹെഡറിലൂടെയാണ് ആദ്യ പകുതിയില്‍ ജര്‍മന്‍ ടീം മുന്നിലെത്തിയത്. തോമസ് മുള്ളറും ഡേവിഡ് ആല്‍ബയും ആദ്യ പകുതിയില്‍ തന്നെ ടീമിനു 3-0 ലീഡ് നേടിക്കൊടുത്തു.

രണ്ടാം പകുതിയില്‍ ഡച്ച് സൂപ്പര്‍ സ്റാര്‍ ആര്യന്‍ റോബന്‍ ഗോള്‍ വേട്ട തുടങ്ങി വച്ചു. പിന്നാലെ, ഒലിവിയര്‍ ജിറൌഡ് ആഴ്സനലിനായി ഒരു ഗോള്‍ മടക്കി. തോമസ് മുള്ളറാണ് അവസാനം ബയേണിനായി പട്ടിക തികച്ചത്. മെസ്യൂട്ട് ഒസീല്‍ ഒരുതവണ നെറ്റ് കുലിക്കിയെങ്കിലും ഹാന്‍ഡ് ടച്ചിന്റെ പേരില്‍ എണ്ണപ്പെടാതെ പോയി.

അക്ഷരാര്‍ഥത്തില്‍ കളിയും കളിക്കളവും പിടിച്ചെടുത്ത മല്‍സരമായിരുന്നു ബയേണ്‍ നടത്തിയത്. യൂറോപ്യന്‍ തോല്‍വിയുടെ റിക്കാര്‍ഡിനൊപ്പമെത്തിയ ആഴ്സനല്‍ ഇപ്പോള്‍ ബയേണിനേക്കാള്‍ ആറു പോയിന്റ് പിന്നിലാണ്. ബയേണിനു തുല്യമായ പോയിന്റുണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ പിന്നിലായതിനാല്‍ ഒളിമ്പിയാക്കോസ് രണ്ടാം സ്ഥാനത്ത്. ഗ്രീക്ക് ടീം 2-1 നു ഡൈനാമോ സാഗ്രെബിനെ തോല്‍പ്പിച്ചു. ഇതോടെ, പതിമൂന്ന് സീസണില്‍ ആദ്യമായി ആഴ്സനല്‍ നോക്കൌട്ട് റൌണ്ട് കാണാതെ പുറത്താകുമെന്ന അവസ്ഥയാണ് മുന്നില്‍ കാണുന്നത്.

മറ്റൊരു മത്സരത്തില്‍ ചെല്‍സി 2-1നു ഡൈനാമോ കീവിനെ പരാജയപ്പെടുത്തിയത് മാനേജര്‍ ഹൊസെ മൌറീഞ്ഞോയ്ക്ക് ആശ്വാസമായി. ബ്രസീലിയന്‍ താരം വില്ലിയന്റെ അവസാന മിനിറ്റിലെ ഗോളാണ് ടീമിന്റെയും കോച്ചിന്റെയും മാനം കാത്തത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍