അഭയാര്‍ഥി നയം: ജര്‍മന്‍ ഭരണസഖ്യത്തില്‍ സമവായമായി
Wednesday, November 4, 2015 10:20 AM IST
ബര്‍ലിന്‍: അഭയാര്‍ഥി നയം സംബന്ധിച്ച് ജര്‍മന്‍ ഭരണസഖ്യത്തില്‍ സമവായമായി. മൂന്നാംവട്ട ചര്‍ച്ചകളിലാണ് ധാരണ രൂപപ്പെട്ടിരിക്കുന്നത്.

അതിര്‍ത്തിയില്‍ കര്‍ശന പരിശോധനയ്ക്കുശേഷം മാത്രം അഭയാര്‍ഥികളെ വിവിധ മേഖലകളിലേക്ക് മാറ്റി പാര്‍പ്പിക്കുക എന്നതാണ് ധാരണയെന്ന് ഘടകകക്ഷി നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ അറിയിച്ചു.

മെര്‍ക്കലിന്റെ ക്രിസ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ ബവേറിയന്‍ സഹോദര പാര്‍ട്ടിയായ ക്രിസ്റ്യന്‍ സോഷ്യലിസ്റ് യൂണിയനാണ് അഭയാര്‍ഥി നയത്തില്‍ ഏറ്റവും കടുത്ത എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നത്. സിഎസ്യുവിന്റെ നേതാവ് ഹോഴ്സ്റ്റ് സീഹോഫര്‍ അടക്കമുള്ളവരെ അനുനയിപ്പിക്കാന്‍ മെര്‍ക്കലിനു സാധിച്ചു.

ജര്‍മനിക്കുള്ളില്‍ അഭയാര്‍ഥികളെ പാര്‍പ്പിക്കുക എന്നതിലുപരി, വിവിധ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് ആനുപാതികമായി കൈമാറുക എന്ന നിര്‍ദേശവും മെര്‍ക്കല്‍ സ്വീകരിച്ചു.

ഇതിനൊപ്പം, അഭയാര്‍ഥിത്വത്തിനു അര്‍ഹതയില്ലാത്തവരുടെ നാടുകടത്തല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്ന ഉറപ്പും ചാന്‍സലര്‍ നല്‍കിയിട്ടുണ്ട്. അഭയാര്‍ഥി നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുകയും ചെയ്യും. ഇതിന്റെ വിശദാംശങ്ങള്‍ ഘടകകക്ഷികളുമായുള്ള തുടര്‍ ചര്‍ച്ചകളില്‍ തീരുമാനിക്കും.

അതേസമയം, യൂറോപ്യന്‍ യൂണിയന്റെ അതിര്‍ത്തികള്‍ അഭയാര്‍ഥികള്‍ക്കു മുന്നില്‍ കൊട്ടിയടയ്ക്കുക എന്ന നിര്‍ദേശം പ്രായോഗികമല്ലെന്നും അവര്‍ വ്യക്തമാക്കി. ഇങ്ങനെയൊരു നടപടി ബാള്‍ക്കന്‍ രാജ്യങ്ങളില്‍ യുദ്ധങ്ങള്‍ക്കു തന്നെ കാരണമാകാമെന്നും മെല്‍ക്കല്‍ മുന്നറിയിപ്പു നല്‍കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍