കൊളോണില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷവും ജപമാലയുടെ സമാപനവും
Wednesday, November 4, 2015 10:20 AM IST
കൊളോണ്‍: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും പുണ്യപുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും പത്തു ദിനങ്ങളിലായി നടത്തിയ ജപമാലവണക്കത്തിന്റെ പരിസമാപ്തിയും ഭക്തിനിര്‍ഭരമായി കൊളോണിലെ ഇന്ത്യന്‍ സമൂഹം ആഘോഷിച്ചു.

കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തിലാണ് ആഘോഷങ്ങള്‍ നടന്നത്. ഒക്ടോബര്‍ 18നു വൈകുന്നേരം നാലിന് ആരംഭിച്ച ആഘോഷമായ ദിവ്യബലിയില്‍ ഫാ. ജോഷി കാലായില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഇന്ത്യന്‍ സമൂഹത്തിന്റെ ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ സഹകാര്‍മികനായിരുന്നു. ഫാ. ജോഷി വചനസന്ദേശം നല്‍കി. ഇന്ത്യന്‍ യൂത്ത്കൊയര്‍ ആലപിച്ച ഗാനങ്ങള്‍ ആഘോഷത്തെ ഭക്തിസാന്ദ്രമാക്കി. റിയ ജോര്‍ജ്, ഡാനി ചാലായില്‍, ജോയല്‍, ജെന്‍സ് കുമ്പിളുവേലില്‍ ജിം ജോര്‍ജ്, വര്‍ഗീസ് ശ്രാമ്പിക്കല്‍ എന്നിവര്‍ ശുശ്രൂഷികളായിരുന്നു.

വിശുദ്ധയോടുള്ള മധ്യസ്ഥ പ്രാര്‍ഥനയും തിരുശേഷിപ്പു ചുംബനവും ജപമാലയര്‍പ്പണവും പ്രദക്ഷിണവും നേര്‍ച്ചയും നടന്നു. വെഞ്ചരിച്ച കൊന്ത ഫാ. ഇഗ്നേഷ്യസ് വിശ്വാസികള്‍ക്കു വിതരണം ചെയ്തു. കമ്യൂണിറ്റിയിലെ യംഗ് ഫാമിലി കൂട്ടായ്മയാണ് സ്നേഹവിരുന്ന് ഒരുക്കിയത്.

പത്തുദിവസത്തെ ജപമാല വണക്കത്തിനു നേതൃത്വം നല്‍കിയത് കമ്യൂണിറ്റിയിലെ ഒമ്പത് കുടുംബകൂട്ടായ്മകളും മറ്റു പ്രസ്ഥാനങ്ങളുമാണ്. ഓരോദിവസവും ദിവ്യബലിയും തുടര്‍ന്ന് സീറോമലബാര്‍ രീതിയില്‍ കേരളത്തിലെ കുടുംബങ്ങളില്‍ നടത്തുന്ന ജപമാല ആരാധനാ ക്രമത്തിലായിരുന്നു പത്തുദിവസവും കൊന്തനമസ്കാരം നടത്തിയിരുന്നത്. ഇടദിവസങ്ങളിലായിരുന്നിട്ടും ഒട്ടേറെ വിശ്വാസികള്‍ എല്ലാദിവസവും തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു. സമര്‍പ്പിത വര്‍ഷാചരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ 11നു സിസ്റേഴ്സിന്റെ നേതൃത്വത്തില്‍ ആരാധന നടത്തി.

സമൂഹത്തിന്റെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി, സെക്രട്ടറി മേഴ്സി തടത്തില്‍, കമ്മിറ്റിയംഗങ്ങളായ ഷീബ കല്ലറയ്ക്കല്‍, എല്‍സി വേലൂക്കാരന്‍, ബെന്നിച്ചന്‍ കോലത്ത്, ആന്റണി സഖറിയ, സാബു കോയിക്കേരില്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍