ഫോക്സ്വാഗന്‍ തട്ടിപ്പ് അതിവിപുലമാകുന്നു
Wednesday, November 4, 2015 10:19 AM IST
ബര്‍ലിന്‍: ഫോക്സ്വാഗന്‍ ഉള്‍പ്പെട്ട മലിനീകരണ തട്ടിപ്പു വിവാദം പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ വലുതാകുന്നു. ടര്‍ബോ ഡീസല്‍ കാറുകളില്‍ മാത്രമാണ് മലിനീകരണം കുറച്ചു കാണിക്കാനുള്ള സോഫ്റ്റ് വെയറുകള്‍ ഘടിപ്പിച്ചിരുന്നതെന്ന ആദ്യ വെളിപ്പെടുത്തല്‍ മഞ്ഞുമലയുടെ അഗ്രം മാത്രമായിരുന്നു എന്നാണ് പുതിയ സൂചനകള്‍ വ്യക്തമാക്കുന്നത്.

വലിയ ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച കാറുകളിലും പ്രത്യേക സോഫ്റ്റ്് വെയറുകള്‍ വച്ചിരിക്കുന്നതായി യുഎസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സോഫ്റ്റ് വെയര്‍ ഉണ്ടെങ്കിലും ഇത് എന്തിനാണെന്നു നിശ്ചയിച്ചിട്ടില്ലെന്നായിരുന്നു കമ്പനിയുടെ വിശദീകരണം.

എന്നാല്‍, ഏറ്റവും പുതിയ സൂചനകള്‍ അനുസരിച്ച്, ഡീസല്‍ കാറുകളില്‍നിന്നുള്ള നൈട്രൈക് ഓക്സൈഡ് ലെവല്‍ മാത്രമല്ല കുറച്ചു കാണിക്കുന്നത്. മറിച്ച്, ഗ്യാസൊലിന്‍ കാറുകളില്‍നിന്നു പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്സൈഡ് പരിധിയും കുറവാണ് കാണിച്ചിരിക്കുന്നത്.

ലാബ് ടെസ്റുകളില്‍ കുറഞ്ഞ തോതില്‍ മലിനീകരണം കാണിക്കുകയും റോഡിലെ യഥാര്‍ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ ഇതു വര്‍ധിക്കുകയും ചെയ്യുന്ന തരത്തിലാണ് സോഫ്റ്റ് വെയറുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

മലിനീകരണ തട്ടിപ്പു പ്രതീക്ഷിച്ചതിലും വ്യാപകമാണെന്നും പോര്‍ഷെയെയും കാര്യമായി ബാധിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തല്‍ വന്നതോടെ ഫോക്സ് വാഗന്റെ ഓഹരി വില ഫ്രാങ്ക്ഫര്‍ട്ട് സ്റോക്ക് എക്സ്ചേഞ്ചില്‍ കുത്തനെ ഇടിഞ്ഞു.

രാവിലത്തേതിനെക്കാള്‍ 5.1 ശതമാനം ഇടിവാണ് ക്ളോസിംഗില്‍ രേഖപ്പെടുത്തിയത്. 107 യൂറോയുടെ ഇടിവു വരെ ഒരു ഘട്ടത്തില്‍ രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് നേരിയ മുന്നേറ്റം രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍