മെല്‍ബണ്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചാപ്പലിന്റെ കൂദാശ കര്‍മം നവംബര്‍ 20, 21 തീയതികളില്‍
Wednesday, November 4, 2015 8:05 AM IST
മെല്‍ബണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മെല്‍ബണിലെ വിശ്വാസിസമൂഹത്തിനു രണ്ടാമത്തെ ദേവാലയം കൂദാശയ്ക്കായി ഒരുങ്ങുന്നു.

പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചാപ്പല്‍, നവംബര്‍ 20, 21 തീയതികളില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വീതിയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തിലും സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കണ്ടനാട് വെസ്റ് ഭദ്രാസനാധിപനുമായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, ഇടവക മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് എന്നിവരുടെ സഹകാര്‍മികത്വത്തിലും കൂദാശ നിര്‍വഹിക്കും.

മെല്‍ബണ്‍ സിറ്റിയില്‍നിന്ന് ഏഴു കിലോമീറ്റര്‍ തെക്ക് കോബര്‍ഗില്‍ 1994 ഡിസംബറില്‍ സഭയ്ക്കു പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍, സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് എന്ന പേരില്‍ ആദ്യ ദേവാലയം സ്വന്തമായി. 2011 മേയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ ഇടവകയെ കത്തീഡ്രല്‍ ആയി ഉയര്‍ത്തി.

വിശ്വാസികളുടെ അംഗസംഖ്യ ഗണ്യമായി വര്‍ധിച്ചതിന്റെ ഫലമായി, മെല്‍ബണിന്റെ തെക്ക്-കിഴക്കന്‍ പ്രവിശ്യകളില്‍ താമസിക്കുന്ന വിശ്വാസികള്‍ക്കായി ആ പ്രദേശത്ത് ഒരു ആരാധനാസൌകര്യം വേണമെന്ന ചിന്ത പ്രബലമായി. 2011 ഒക്ടോബറില്‍ ഇടവക പൊതുയോഗത്തിന്റെ തീരുമാനപ്രകാരം, ഇടവക മെത്രാപ്പോലീത്തായുടെ അനുമതിയോടെ സെന്റ് ഗ്രീഗോറിയോസ് ചാപ്പല്‍ രൂപവത്കരിച്ച് ഡാന്‍ഡിനോംഗ് കേന്ദ്രീകരിച്ച് വിശുദ്ധ കുര്‍ബാന ആരംഭിച്ചു.

2012 ഡിസംബറില്‍ സൌത്ത് ക്ളെയ്റ്റണിലെ ഹെതര്‍റ്റണ്‍ റോഡില്‍ പുതിയ ചാപ്പലിനു അനുയോജ്യമായ ഒരേക്കര്‍ ഭൂമിയും അതിലുള്ള ഇരുനില വീടും വിലയ്ക്കു വാങ്ങി. 2015 ജനുവരിയില്‍ ക്ളെയ്റ്റണില്‍ പുതിയ ചാപ്പലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2.5 മില്യണില്‍ പരം ഡോളര്‍ ചെലവില്‍ പൂര്‍ത്തിയാക്കപെട്ട ദേവാലയം ലളിതമായി, പ്രകൃതിയോടു ചേര്‍ന്നു നില്‍ക്കുന്ന ബാഹ്യരൂപവും ഓര്‍ത്തഡോക്സ് ആരാധനാപാരമ്പര്യത്തിന് അനുയോജ്യമായ ഉള്‍ഭാഗവുമാണു രൂപകല്‍പ്പന ചെയ്തത്.

2011 മുതല്‍ പദ്ധതികള്‍ ഏറ്റെടുത്തു നടത്തുന്ന ഇടവക ഡെവലപ്മെന്റ് കമ്മിറ്റി പ്രസിഡന്റ്, വികാരി ഫാ. ഷിനു കെ.തോമസ്, അസി. വികാരി ഫാ. ഫെര്‍ഡിനാന്റ് പത്രോസ്, കണ്‍വീനര്‍ സി.ഒ. തോമസ്, ട്രഷറര്‍ സക്കറിയ ചെറിയാന്‍, സെക്രട്ടറി അനൂപ് ഇടിച്ചാണ്ടി ചാപ്പല്‍ നിര്‍മാണ കോ-ഓര്‍ഡിനേറ്റര്‍ ഷാജു സൈമണ്‍, മെംബര്‍ അലക്സാണ്ടര്‍ ജോണ്‍ എന്നിവര്‍ പുതിയ ദേവാലയത്തിന്റെ നിര്‍മാണത്തിനായി പ്രവര്‍ത്തിച്ചു.

വിവരങ്ങള്‍ക്ക്: 0393837944.

റിപ്പോര്‍ട്ട്: ടോം ജേക്കബ്