102 പേരുള്ള ജര്‍മന്‍ ഗ്രാമത്തില്‍ അഭയാര്‍ഥികളായി എത്തിയത് 750 പേര്‍
Tuesday, November 3, 2015 10:03 AM IST
ബര്‍ലിന്‍: കിഴക്കന്‍ ജര്‍മനിയിലെ ഒരു ഗ്രാമമാണ് സുംറ്റെ. എല്‍ബെ നദിയുടെ താഴ്വരയാണ് ഈ ഗ്രാമം. ഇവിടത്തെ ജനസംഖ്യ വെറും 102. ഇതിലേറെയും സമ്പന്നരായ പെന്‍ഷനേഴ്സ്. ഇവരുടെ കൂട്ടത്തില്‍ ഒരു നിയോ നാസി കൌണ്‍സിലറും ഉള്‍പ്പെടുന്നു.

ഗ്രാമത്തിലെ ജനസംഖ്യ 700 ശതമാനം വര്‍ധിക്കാന്‍ പോകുകയാണ്. കാരണം, 750 അഭയാര്‍ഥികളെ ഇവിടെ പാര്‍പ്പിക്കാന്‍ പോകുന്നു. അതുകൊണ്ടുതന്നെ ശാന്തരായ സമ്പന്നരുടെ കറുത്ത മുഖം മേലില്‍ ഇവിടെ പ്രശ്നമാകുമെന്നാണ് സൂചന.

അതുതന്നെയുമല്ല 750 അഭയാര്‍ഥികളെയും വഹിച്ചുകൊണ്ടെത്തിയ ബസിന്റെ വരവില്‍ ഇവിടുത്തെ തദ്ദേശവാസികള്‍ രോഷാകുലരാണ്. ഇവരെ എവിടെ പാര്‍പ്പിക്കും എന്ന ചോദ്യത്തിനു ഉത്തരമായി അധികാരികള്‍ അതായത് ജര്‍മനിയിലെ സാമൂഹ്യപ്രവര്‍ത്തന ശൃംഖലയായ എഎസ്ബി(ആര്‍ബൈറ്റ് സമരിറ്റന്‍ ബുണ്ട്) എന്ന ചാരിറ്റി സംഘടന അവരുടെ മുന്‍ ആസ്ഥാനം ഇവര്‍ക്കായി തുറന്നുകൊടുത്തതായി അറിയിച്ചെങ്കിലും തദ്ദേശവാസികള്‍ക്ക് അതൊട്ടും സ്വീകാര്യമായി തോന്നിയില്ല. ഇനിയും താമസിക്കാന്‍ ഇടംപോരാതെ വന്നാല്‍ തങ്ങളുടെ വീടോ, ഗാരേജോ ഒക്കെ ഇവര്‍ക്കായി തുറന്നുകൊടുക്കേണ്ടി വരുമെന്നുള്ള ആശങ്ക ഇവരെ അങ്കലാപ്പിലാക്കുകയാണെന്ന് സൂചിപ്പിക്കുന്നു.

നിയോ നാസിക്കാരനായ കൌണ്‍സിലര്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ജനിതക പൈതൃകമാണ് നശിപ്പിക്കപ്പെടാന്‍ പോകുന്നതെന്നാണ് ഇദ്ദേഹത്തിന്റെ വാദം. എന്നാല്‍, അധികൃതര്‍ ഇതു ചെവിക്കൊള്ളുന്നില്ല. സംഗതി എന്തുതന്നെയാണെങ്കിലും ഒരു കലാപത്തിന്റെ സാധ്യത തള്ളിക്കളയാനാവില്ലന്നാണ് നിരീക്ഷകരുടെ കണക്കൂകൂട്ടല്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍