ഫോക്സ് വാഗന്‍ കൂടുതല്‍ കാറുകളില്‍ തട്ടിപ്പു നടത്തിയെന്ന് വെളിപ്പെടുത്തല്‍
Tuesday, November 3, 2015 10:03 AM IST
ബര്‍ലിന്‍: ഇതുവരെ വെളിപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ കാറുകളില്‍ ഫോക്സ് വാഗന്‍ മലിനീകരണ തട്ടിപ്പു നടത്തിയിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

ടര്‍ബോ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച കാറുകളില്‍ മാത്രമാണ് മലിനീകരണം കുറച്ചു കാണിക്കുന്ന സോഫ്റ്റ് വെയറുകള്‍ ഘടിപ്പിച്ചിരുന്നതെന്നാണ് കമ്പനി നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍, വലിയ ഡീസല്‍ എന്‍ജിനുകളിലും സമാന സോഫ്റ്റ് വെയറുകള്‍ കണ്ടെത്തിയതായി യുഎസ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പോര്‍ഷെ, ഓഡി, ഫോക്സ് വാഗന്‍ മോഡലുകള്‍ പലതിലും ഇത്തരം സോഫ്റ്റ് വെയറുകളുള്ളതായാണ് വെളിപ്പെടുത്തല്‍. കമ്പനി സമ്മതിച്ചതിനെക്കാള്‍ പതിനായിരം കാറുകളെങ്കിലും അധികം വരും ഇത്.

എന്നാല്‍, പുതിയ ആരോപണം ഫോക്സ് വാഗന്‍ അധികൃതര്‍ നിഷേധിച്ചിരിക്കുകയാണ്. 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലുള്ള സോഫ്റ്റ് വെയര്‍ എന്തിനാണെന്ന് കൃത്യമായി നിര്‍വചിച്ചിട്ടില്ലെന്നാണ് കമ്പനിയുടെ വിശദീകരണം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍