സുദൃഡമായ കുടുംബബന്ധങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ ഭരണികുളങ്ങര
Monday, October 26, 2015 7:56 AM IST
ന്യൂഡല്‍ഹി: സുദൃഡമായ കുടുംബബന്ധവും ദമ്പതികളുടെ പരസ്പര സ്നേഹവും ബഹുമാനവും ലോകത്തിന്റെ നിലനില്‍പ്പിനു അന്ത്യാന്താപേക്ഷിതമാണെന്നു ഫരീദാബാദ് രൂപത ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര. ഫരീദാബാദ് രൂപതയുടെ ആഭിമുഖ്യത്തില്‍ മൂന്നു ദിവസമായി ത്യാഗരാജ സ്റേഡിയത്തില്‍ നടന്നുവന്ന സാന്തോം ബൈബിള്‍ കണ്‍വന്‍ഷന്റെ സമാപന സമ്മേളനത്തില്‍ സഭാവിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബബന്ധത്തിന്റെ മഹിമയും ദാമ്പത്യത്തില്‍ വിശ്വാസ്യതയുടെ ആവശ്യകതയും റോമില്‍ നടന്ന ബിഷപ്പുമാരുടെ സിനഡിലും മുഖ്യവിഷയമായി ചര്‍ച്ച ചെയ്യപ്പെട്ടത് അദ്ദേഹം അനുസ്മരിച്ചു. വികസിതരാജ്യങ്ങളില്‍ വിവാഹ മോചനവും ഗര്‍ഭഛിദ്രവും കൂടുതലാണ്. അതുപോലെ ജനനനിരക്കും ഇവിടങ്ങളില്‍ കുറവാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
വിവിധ ക്രിസ്തീയ സഭകളുടെ ഒത്തൊരുമയും പരസ്പര ബഹുമാനവും ഇപ്പോള്‍ ഏറ്റവും ആവശ്യമാണെന്നും കത്തോലിക്കാ സഭയിലെ വിവിധ സഭകളുടെ വിശ്വാസികള്‍ക്ക് അവരുടെ താത്പര്യമനുസരിച്ച് റീത്തു സഭയിലും തുടരാമെന്നും ഫരീദാബാദ് രൂപതയില്‍ വൈദിക വിദ്യാര്‍ഥികള്‍ക്കായി പുതിയ സെമിനാരി തുടങ്ങുന്ന കാര്യവും മാര്‍ ഭരണികുളങ്ങര പറഞ്ഞു.

ഡല്‍ഹിയില്‍ സീറോ മലബാര്‍ മിഷന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും വിവിധ സംഘടനകളുടെ 25 പ്രതിനിധികള്‍ ചേര്‍ന്നു തിരി തെളിച്ചു നിര്‍വഹിച്ചു. ബൈബിള്‍ ലോഗോസ് ക്വിസ് വിജയികളെ ആര്‍ച്ച് ബിഷപ് അഭിനന്ദിച്ചു.

ഫാ. സാജു ഇലഞ്ഞിയില്‍ ടീമിന്റെ നേതൃത്വത്തില്‍ നടത്തിയ ധ്യാനത്തിന്റേയും രോഗശാന്തി ശുശ്രൂഷയ്ക്കും ആയിരക്കണക്കിനു വിശ്വാസികള്‍ ഡല്‍ഹിയിലും സമീപപ്രദേശങ്ങളില്‍നിന്നുമായി പങ്കെടുത്തു. മോണ്‍. സെബാസ്റ്യന്‍ വടക്കുംപാടന്‍ വിവിധ കമ്മിറ്റികള്‍ക്കും മറ്റും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്