വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു
Tuesday, October 20, 2015 6:31 AM IST
ഉംറ്റാറ്റാ: സൌത്ത് ആഫ്രിക്കയിലെ ഉംറ്റാറ്റയില്‍, ഭാരതത്തിലെ ആദ്യത്തെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ വിശ്വാസസമൂഹം ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു.

ഉംറ്റാറ്റാ സൌത്ത്റിഡ്ജ് അസന്‍ഷന്‍ ദേവാലയത്തില്‍ നടന്ന തിരുനാള്‍ കുര്‍ബാനയ്ക്ക് ഫ്രീഹൈട് ഇങ്കാമന ആബി സെമിനാരിയുടെ ചുമതല വഹിക്കുന്ന ഫാ. റെജിമോന്‍ മൈക്കിള്‍ ഓണാശേരില്‍ പ്രധാന കാര്‍മികത്വം വഹിച്ചു. തുടര്‍ന്നു പ്രാര്‍ഥനാശുശ്രൂഷകള്‍ക്കുശേഷം സ്നേഹവിരുന്നും പാച്ചോര്‍ നേര്‍ച്ചയും സംഘാടകര്‍ ഒരുക്കി.

ഉംറ്റാറ്റായിലെ വിവിധ മേഖലകളില്‍ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന, വിശുദ്ധ അല്‍ഫോന്‍സാമ്മ ജീവിച്ച ഫ്രാന്‍സിസ്കന്‍ ക്ളാരിസ്റ് കോണ്‍ഗ്രിഗേഷന്‍ അംഗങ്ങളായ സിസ്റര്‍ ലിയോബ, സിസ്റര്‍ റോസ് ജോയിസ്, സിസ്റര്‍ ജെസ്ലിന്‍, സിസ്റര്‍ ലിയ, സിസ്റര്‍ വിനയ എന്നിവരുടെ സാന്നിധ്യം തിരുനാള്‍ വര്‍ണാഭമാക്കാന്‍ കഴിഞ്ഞു.

സൌത്ത് ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്നു വിശുദ്ധയുടെ അനുഗ്രഹം തേടി നിരവധിയാളുകള്‍ തിരുനാളില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ജെ. ജോണ്‍