കാന്‍ബറ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ സമൂഹം ഇടവക പദവിയില്‍
Saturday, October 17, 2015 8:57 AM IST
കാന്‍ബറ: മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ കീഴില്‍ കാന്‍ബറ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ ഇടവക നിലവില്‍ വന്നു. രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂരിന്റെ ഇടവക പ്രഖ്യാപന ഉത്തരവു വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി ഏഴു വൈദികര്‍ ചേര്‍ന്ന് അര്‍പ്പിച്ച ആഘോഷമായ റാസ മധ്യേ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാന്‍ബറയില്‍ യരലുംല സെന്റ് പീറ്റേഴ്സ് ചന്നെല്‍സ് ദേവാലയത്തില്‍ നടന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും തിരുനാള്‍ ആഘോഷങ്ങളോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം.

ഏകദേശം മുന്നൂറു കുടുംബങ്ങളിലായി ആയിരത്തോളം വിശ്വാസികളാണ് കാന്‍ബറ സെന്റ് അല്‍ഫോന്‍സ ഇടവകയ്ക്കു കീഴിലുള്ളത്. വിശ്വാസ തീവ്രതയില്‍ വളരുന്ന സമൂഹം ആധ്യാത്മികമായ വളര്‍ച്ചക്കൊപ്പം ഇടവകയുടെ ഭൌതികമായ വളര്‍ച്ചയിലും ശ്രദ്ധിക്കുന്നുണ്ട്. സ്വന്തമായി ഒരു ഇടവക ദേവാലയവും അടിസ്ഥാന സൌകര്യങ്ങളും നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് പുതിയ ഇടവക ലഭിച്ചത്.

റിപ്പോര്‍ട്ട്: ജോമി പുലവേലില്‍