ഗോവധ നിരോധന ബില്‍: ബിജെപി പ്രക്ഷോഭത്തിന്
Tuesday, October 13, 2015 6:33 AM IST
ബംഗളൂരു: ഗോവധ നിരോധന ബില്ലും ഗോക്ഷേമ കമ്മീഷനും റദ്ദാക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ബിജെപി പ്രക്ഷോഭത്തിനൊരുങ്ങുന്നു. സംസ്ഥാനത്തെ കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ പശുവിനെ ഭക്ഷണാവശ്യത്തിനായി കൊല്ലുന്നതും പശുമാംസം കയറ്റി അയയ്ക്കുന്നതും നിരോധിച്ചുകൊണ്ട് ബില്‍ കൊണ്ടുവന്നിരുന്നു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്ന് രണ്ടുതവണ ബില്‍ നിയമസഭയില്‍ പാസാക്കുകയും ചെയ്തു. എന്നാല്‍ അന്ന് ഗവര്‍ണറായിരുന്ന എച്ച്.ആര്‍. ഭരദ്വാജ് ബില്ലിന് അംഗീകാരം നല്കാതെ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയാണുണ്ടായത്. ബില്‍ നിയമമാക്കാന്‍ കഴിയാതെ വന്നതോടെ ബിജെപി സര്‍ക്കാര്‍ ഗോക്ഷേമ കമ്മീഷന്‍ (ഗോസേവാ ആയോഗ്) രൂപീകരിക്കുകയായിരുന്നു. കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അടക്കം ഒമ്പതോളം ഉദ്യോഗസ്ഥരാണ് ഗോസേവാ ആയോഗിലുണ്ടായിരുന്നത്. ഭക്ഷണാവശ്യത്തിനായി പശുക്കളെ കൊല്ലുന്നതായി പരാതി ലഭിച്ചാല്‍ നിയമനടപടി സ്വീകരിക്കാന്‍ കമ്മീഷന് അധികാരമുണ്ടായിരുന്നു. യുപിയില്‍ ഗോമാംസം കഴിച്ചെന്നാരോപിച്ച് ഒരാളെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ബംഗളൂരുവിലും വിവിധ സംഘടനകള്‍ ബീഫ് ഫെസ്റ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഗോവധ നിരോധന ബില്ലും ഗോക്ഷേമ കമ്മീഷനും റദ്ദാക്കാന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് മന്ത്രിസഭ അനുമതി നല്കിയത്.