അഭയാര്‍ഥിപ്രവാഹം കാരണം സിഡിയുവിനും പിന്തുണ കുറയുന്നു
Monday, October 12, 2015 7:58 AM IST
ബര്‍ലിന്‍: ജര്‍മനിയിലേക്കുള്ള അഭയാര്‍ഥി പ്രവാഹം ശക്തമായതോടെ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനു മാത്രമല്ല അവര്‍ നയിക്കുന്ന ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയനും ജനപിന്തുണ നഷ്ടമാകുന്നുവെന്നു സര്‍വേ റിപ്പോര്‍ട്ട്.

2013 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണിപ്പോള്‍ സിഡിയുവിന്റെ ജനപിന്തുണ, 38 ശതമാനം. രണ്ടു ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അഭയാര്‍ഥികള്‍ക്കായി രാജ്യത്തിന്റെ അതിര്‍ത്തികള്‍ തുറന്നിട്ട മെര്‍ക്കല്‍ ഗവണ്‍മെന്റിന്റെ നയം തെറ്റാണെന്ന് 48 ശതമാനം ജര്‍മനികക്കാരും വിശ്വസിക്കുന്നു എന്നാണ് സര്‍വേയില്‍ വ്യക്തമാകുന്നത്. ഇക്കാര്യത്തില്‍ മെര്‍ക്കലിനെ പിന്തുണയ്ക്കുന്നത് 39 ശതമാനം പേര്‍ മാത്രം.

അഭയാര്‍ഥി പ്രവാഹം കര്‍ശനമായി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ക്രമാനുഗതമായി ജനപിന്തുണ വര്‍ധിക്കുന്നതായും സര്‍വേയില്‍ കാണുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍