ദസറ: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മൂലിക ദസറയ്ക്കു തുടക്കമായി
Monday, October 12, 2015 5:52 AM IST
മൈസൂരു: മൈസൂരുവില്‍ ദസറ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആഘോഷങ്ങള്‍ക്കു മുന്നോടിയായി മൂലിക ദസറ (ആയുര്‍വേദ ദസറ) യ്ക്കു തുടക്കമായി. നാട്ടറിവുകളും ആയുര്‍വേദ ഉത്പന്നങ്ങളും പരിചയപ്പെടുത്തുന്ന പ്രദര്‍ശനമാണ് മൂലിക ദസറയിലുള്ളത്. ബൊഗാദി ഗവ. ആയുര്‍വേദ കോളജ് ആശുപത്രി ഗ്രൌണ്ടില്‍ ആരംഭിച്ച മൂലിക ദസറ മൈസൂരു രാജാവ് യദുവീര്‍ കൃഷ്ണദത്ത ചാമരാജ വൊഡയാര്‍ ഉദ്ഘാടനം ചെയ്തു. രാവിലെ ഒന്‍പതു മുതല്‍ രാത്രി എട്ടുവരെയാണ് പ്രദര്‍ശനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഔഷധച്ചെടികളും ആയുര്‍വേദ ഉത്പന്നങ്ങളും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനം 18 നു സമാപിക്കും.

ദസറ ആഘോഷത്തിന്റെ ഭാഗമായുള്ള കവിസമ്മേളനം 19, 20 തീയതികളില്‍ മാനസഗംഗോത്രി ഓഡിറ്റോറിയത്തില്‍ നടക്കും. കന്നഡ, കൊടവ, തുളു, കൊങ്കണി, ഉര്‍ദു എന്നീ ഭാഷകളിലെ മുപ്പതോളം കവികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ദസറ ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണമായ ജംബോ സവാരിയില്‍ സുവര്‍ണ സിംഹാസനം വഹിക്കുന്നതിനുള്ള ആനകളുടെ പരിശീലനം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. 750 കിലോ ഭാരമുള്ള സ്വര്‍ണ സിംഹാസനത്തിന്റെ അതേഭാരമുള്ള തടിയില്‍ തീര്‍ത്ത സിഹാംസനമേന്തി അര്‍ജുന എന്ന ആനയാണ് പരിശീലനം നടത്തിയത്.

അര്‍ജുനയ്ക്കു പിന്നില്‍ മറ്റ് ആനകളും അണിനിരന്നു. രാവിലെ എട്ടുമുതല്‍ കൊട്ടാരത്തിനു സമീപമാണ് പരിശീലനം. ഈമാസം 13 മുതല്‍ 24 വരെയാണ് ദസറ ആഘോഷം. 23നാണ് ജംബോ സവാരി. 13 മുതല്‍ 18 വരെ നാടന്‍ ഗുസ്തിമത്സരവും നടക്കും. ദേവരാജ് ആര്‍ട്സ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന മത്സരത്തില്‍ ഇത്തവണ ജില്ലയ്ക്കകത്തുള്ള മല്ലന്മാരെ മാത്രമാണ് പങ്കെടുപ്പിക്കുന്നത്. വനിതാ വിഭാഗം മത്സരവും ഇത്തവണ ഉണ്ടായിരിക്കില്ല. അതേസമയം, ദസറ പ്രമാണിച്ച് കനത്ത സുരക്ഷയാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ ചുമതലയ്ക്കായി 2,500 പോലീസുകാരെ അധികമായി ഏര്‍പ്പെടുത്തി. പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലും കൂടുതല്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കും.

ജംബോ സവാരി പോകുന്ന റോഡുകള്‍ക്കു സമീപം 44 അധിക നിരീക്ഷണ കാമറകളാണ് സ്ഥാപിക്കുന്നത്. കൊട്ടാരത്തിന്റെ പ്രധാന ഭാഗങ്ങള്‍, ചാമരാജ സര്‍ക്കിള്‍, കെആര്‍ സര്‍ക്കിള്‍, ആയുര്‍വേദ കോളജ് സര്‍ക്കിള്‍ തുടങ്ങിയ ഇടങ്ങളിലാണ് കാമറകള്‍ സ്ഥാപിക്കുന്നത്. കൂടാതെ ഹോട്ടലുകളിലും ലോഡ്ജുകളിലും വരുംദിവസങ്ങളില്‍ സുരക്ഷാ പരിശോധന നടത്തും.