നഗരത്തിന് പുതിയ 150 ആംബുലന്‍സുകള്‍
Monday, October 12, 2015 5:51 AM IST
ബംഗളൂരു: നഗരത്തില്‍ അടിയന്തര സേവനങ്ങള്‍ക്കായി സര്‍വീസ് നടത്തുന്ന പഴയ ആംബുലന്‍സുകള്‍ക്കു പകരം 150 പുതിയ ആംബുലന്‍സുകളെത്തി.

വിധാന്‍ സൌധയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ആംബുലന്‍സുകളുടെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. മന്ത്രിമാരായ രാമലിംഗറെഡ്ഡി, യു.ടി. ഖാദര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കാലപ്പഴക്കം മൂലം സര്‍വീസ് മുടങ്ങുന്നതു പതിവായതോടെയാണ് നിലവിലുള്ളവ മാറ്റി പുതിയ ആംബുലന്‍സുകള്‍ വാങ്ങിയത്. ഏഴുവര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള ആംബുലന്‍സുകളെ മാറ്റിയാണ് പുതിയവ എത്തിച്ചത്.

കര്‍ണാടകയില്‍ 2008ലാണ് 108 ആംബുലന്‍സ് പദ്ധതി ആരംഭിച്ചത്. കര്‍ണാടക ആരോഗ്യ കുടുംബക്ഷേമ വകുപ്പും സ്വകാര്യ സ്ഥാപനവും സംയുക്തമായാണ് പദ്ധതി നടത്തുന്നത്. ഇതുവരെ 38 ലക്ഷത്തിലേറെ പേര്‍ ആംബുലന്‍സിന്റെ സേവനം പ്രയോജനപ്പെടുത്തിയതായാണ് കണക്ക്.