മലയാളത്തിന്റെ പുണ്യമായി ട്യൂബിംഗന്‍ സര്‍വകലാശാലയില്‍ ഗുണ്ടര്‍ട്ട് ചെയര്‍
Friday, October 9, 2015 8:18 AM IST
ബര്‍ലിന്‍: ദൈവത്തിന്റെ സ്വന്തം നാടെന്നു ആഗോളതലത്തില്‍ വിശേഷണമുള്ള കേരളത്തിന്റെ സ്വന്തം ഭാഷ മലയാളത്തിനു ജര്‍മനിയില്‍ കസേരയുണ്ടായത് മലയാള ഭാഷാസ്നേഹികളെ സംബന്ധിച്ചിടത്തോളം അതിരില്ലാത്ത ആഹ്ളാദം പകരുന്ന ഒരു കാര്യമാണ്. പോയ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ മലയാള ഭാഷയെ ക്ളാസിക് ഭാഷകളുടെ കൂട്ടത്തിലേക്കു കൈപിടിച്ചിരുത്തിയതിന്റെ പിന്നാലെ ജര്‍മനിയിലെ ട്യൂബിംഗന്‍ സര്‍വകലാശാലയില്‍ മലയാള ഭാഷയ്ക്കായി ഒരുക്കുന്ന 'ചെയര്‍' ഉദ്ഘാടനം ഒക്ടോബര്‍ ഒമ്പതിനു (വെള്ളി) വൈകുന്നേരം അഞ്ചിനു നടക്കും. ചടങ്ങില്‍ ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍നിന്നു ക്ഷണിക്കപ്പെട്ട മലയാളികള്‍ പങ്കെടുക്കും. മൂന്നുദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ കേരളത്തിന്റെ തനതായ കലാരൂപങ്ങളും അരങ്ങേറും.

ഏതെങ്കിലും വിദേശ സര്‍വകലാശാലയുമായി ചേര്‍ന്ന് ഒരു 'ചെയര്‍' തുടങ്ങുന്നത് ഇന്ത്യന്‍ സര്‍വകലാശാലകളുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്. മലയാള ഭാഷയുടെ വളര്‍ച്ചയുടെ പാതയില്‍ പുണ്യാത്മാക്കളായ, ഭാഷയ്ക്ക് മറക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ അര്‍ണോസ് പാതിരിയുടെയും ഡോ. ഹെര്‍മാന്‍ ഗുണ്ടര്‍ട്ടിന്റെയും ഫാ. നാഗലിന്റെയും ജന്മനാട്ടില്‍ മലയാളത്തിന്റെ മധുരസ്വരം ഉയര്‍ന്നുപൊങ്ങുമ്പോള്‍ ഏറ്റവും സന്തോഷിക്കുന്നത് ജര്‍മനിയില്‍ കുടിയേറിയ മലയാളികളാണ്.

ഇതിനെ മലയാളത്തിന്റെ പുണ്യമായി, ഭാഷയ്ക്ക് ആദരം നല്‍കുക മാത്രമല്ല അംഗീകാരവും നല്‍കി സ്വസ്ഥമായൊരു ഇരിപ്പിടവും നല്‍കിക്കഴിഞ്ഞു യൂറോപ്പിലെ സമ്പന്നരാജ്യമായ ജര്‍മനി.

ഡോ. ഹെര്‍മാന്‍ ഗുണ്ടര്‍ട്ട് പഠിച്ചിരുന്ന അതിപുരാതനമായ ട്യൂബിംഗന്‍ ഏബര്‍ഹാര്‍ഡ് കാള്‍സ് സര്‍വകലാശാലയിലെ എഷ്യന്‍ ആന്‍ഡ് ഓറിയന്റല്‍ സ്റഡീസിന്റെ കീഴിലാണ് മലയാളം ചെയര്‍ പ്രവര്‍ത്തനമാവുന്നത്. മലബാറിന്റെ മഹിമയായി നിലകൊള്ളുന്ന തിരൂരിന്റെ തിലകക്കുറിയായി മാറിയ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുമായി ചേര്‍ന്നാണ് ട്യൂബിംഗനില്‍ ചെയര്‍ സ്ഥാപിച്ചത്. മലയാള ഭാഷാപഠനം, ഭാഷ-സംസ്കാര-കുടിയേറ്റ രംഗങ്ങളിലെ ഗവേഷണം, കേരളീയ നാടന്‍കലാരൂപങ്ങളുടെ പ്രചാരണം, ഭാഷയുടെ ആധുനികവത്കരണം, സാഹിത്യകൃതികളുടെ വിവര്‍ത്തനവും പ്രസിദ്ധീകരണവും എന്നിവയ്ക്കുപുറമേ രണ്ടാം തലമുറയെ കേരളവുമായി ബന്ധപ്പെടുത്തുന്നതിനായി സ്കോളര്‍ഷിപ്പുകള്‍ ഉള്‍പ്പടെയുള്ള പദ്ധതികളുടെ രൂപീകരണവും മലയാളം ചെയറിന്റെ ലക്ഷ്യങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതാണ്.

ജര്‍മനിയില്‍ ഒരു മലയാളം ചെയര്‍ സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയിട്ട് ഏതാണ്ട് മൂന്നു പതിറ്റാണ്ടിന്റെ ചരിത്രമുണ്ട്. അന്നു മുതല്‍ ഇന്നുവരെ ഭാഷാസ്നേഹികളുടെ അക്ഷീണ പരിശ്രമം ഒടുവില്‍ സാക്ഷാത്കരിക്കാന്‍ സാധിക്കുന്നത് എഷ്യന്‍ ആന്‍ഡ് ഓറിയന്റല്‍ സ്റഡീസിന്റെ മേധാവി ഡോ. ഹൈക്കെ ഓബര്‍ലിന്‍ എന്ന ജര്‍മന്‍കാരിയും ഒപ്പം ജര്‍മനിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മൈനെ വെല്‍റ്റ് മാസികയുടെ പത്രാധിപരുമായ ജോസ് പുന്നാംപറമ്പില്‍ എന്ന മലയാളിയുമാണ്.

സംരംഭത്തിനു യുജിസിയുടെ അംഗീകാരവും ലഭിച്ചതോടെ കഴിഞ്ഞ ജൂണില്‍ ചെയര്‍ സ്ഥാപിക്കാന്‍ ധാരണയായി. മലയാളം സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. കെ. ജയകുമാറും ട്യൂബിംഗന്‍ സര്‍വകലാശാല വൈസ്ചാന്‍സലറും ഒപ്പുവെച്ചതോടെ പദ്ധതി അരക്കിട്ടുറപ്പിക്കുകയും ചെയ്തു.

ചെയറിന്റെ ചുമതലക്കാരനായി പ്രഫ. ഡോ. സ്കറിയ സക്കറിയ സ്ഥാനമേറ്റതോടെ മലയാളഭാഷ പുണ്യപുഷ്പമായി ജര്‍മനിയില്‍ മാത്രമല്ല യൂറോപ്പിലും സുഗന്ധം പരത്തുമെന്നതില്‍ രണ്ടുപക്ഷമില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍