വിയന്നയില്‍ മാനവസ്നേഹം പ്രചരിപ്പിച്ച് ഫാ. ഡേവിസ് ചിറമ്മല്‍
Friday, October 9, 2015 5:56 AM IST
വിയന്ന: മാനവസ്നേഹത്തിന്റെ പുതിയ മാനങ്ങള്‍ അവയവദാനത്തിലൂടെ വിളംബരം ചെയ്ത പ്രശസ്ത പ്രഭാഷകനും കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ ഫാ. ഡേവിസ് ചിറമ്മല്‍ വിയന്നയില്‍ പ്രഭാഷണം നടത്തി. ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മലയാളികളോടൊപ്പം വിയന്നയിലെ വിവിധ മലയാളി സംഘടനകളെ പ്രതിനിധീകരിച്ച് നിരവധിപേര്‍ പങ്കെടുത്തു.

ഐസിസി വിയന്നയുടെ ചാപ്ളെയിന്‍ ഫാ. ഡോ. തോമസ് താണ്ടപിള്ളിയും ജനറല്‍ കണ്‍വീനര്‍ തോമസ് പടിഞ്ഞാറേക്കാല എന്നിവര്‍ ചേര്‍ന്ന് ഫാ. ഡേവിസ് ചിറമ്മലിനെ സ്വീകരിച്ചു. മാര്‍ ഈവാനിയോസ് മലങ്കര മിഷന്റെ ചാപ്ളെയിന്‍ ഫാ. തോമസ് പ്രശോഭ്, യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍ പ്രസിഡന്റും കിഡ്നി ദാതാവുമായ അഡ്വ. ഫ്രാന്‍സിസ് മാത്യു, ലണ്ടനില്‍ നിന്നുള്ള ഡോ. സോജി തച്ചങ്കരി തുടങ്ങിയവരും സന്നിഹിതരായിരുന്നു.

അവയവദാനത്തിന്റെ മാഹാത്മ്യം സ്വജീവിതത്തിലൂടെ കാണിച്ചു കൊടുത്ത ഫാ. ചിറമ്മലിന്റെ പ്രവര്‍ത്തനങ്ങളെ ഫാ. തോമസ് താണ്ടപിള്ളി പ്രശംസിച്ചു.

വിയന്ന മലയാളി അസോസിയേഷനുവേണ്ടി മാത്യൂസ് കിഴക്കേക്കര, കേരള സമാജത്തിനുവേണ്ടി അലക്സ് വിലങ്ങാട്ടുശേരില്‍, കലാ വിയന്നയ്ക്കുവേണ്ടി സ്റീഫന്‍ ചൊവ്വൂക്കാരന്‍, ഫൈന്‍ ആര്‍ട്സ് ഇന്ത്യ വിയന്നയ്ക്കുവേണ്ടി ബിന്‍സി അഞ്ചേരില്‍ എന്നിവര്‍ ബൊക്കെ നല്‍കി ആദരിച്ചു.

അവയവദാനത്തിലൂടെ പുതിയൊരു സ്നേഹസംസ്കാരം കെട്ടിപ്പെടുക്കുന്നതിനെക്കുറിച്ചു സംസാരിച്ച ഫാ. ചിറമ്മല്‍, ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനെക്കുറിച്ചും അവയവങ്ങള്‍ പരിരക്ഷിക്കുന്നതില്‍ ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കണമെന്നും അഭിപ്രായപ്പെട്ടു.

ജനറല്‍ കണ്‍വീനര്‍ തോമസ് പടിഞ്ഞാറേക്കാലായില്‍ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി