കേളി ഫുട്ബോള്‍ ടൂര്‍ണമെന്റിനു വെള്ളിയാഴ്ച കിക്ക്ഓഫ്
Thursday, October 8, 2015 8:14 AM IST
റിയാദ്: റിയാദ് വില്ലാസ് കപ്പിനും അല്‍മദീന റണ്ണര്‍അപ്പ് ട്രോഫിക്കും വേണ്ടിയുള്ള എട്ടാമത് കേളി ഫുട്ബോള്‍ ടൂര്‍ണമെന്റിനു ഒക്ടോബര്‍ ഒമ്പതിനു (വെള്ളി) തുടക്കം കുറിക്കും. വൈകുന്നേരം 4.30നു റിയാദ് നസ്രിയ മുറൂര്‍ ഓഫീസിനു എതിര്‍വശത്തുള്ള അല്‍ ആസിമ ഇന്റര്‍നാഷണല്‍ സ്റേഡിയത്തിലാണ് പന്തു ഉരുളുക.

ടൂര്‍ണമെന്റിന്റെ പ്രായോജകര്‍, റിയാദിലെ കായിക, സാമൂഹ്യ, സാംസ്കാരിക, മാധ്യമ പ്രവര്‍ത്തകര്‍, സംഘടന പ്രതിനിധികള്‍, ബിസിനസ് പ്രമുഖര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു.

ലീഗ്-കം-നോക്കൌട്ട് അടിസ്ഥാനത്തില്‍ റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ അംഗീകാരമുള്ള എട്ട് എ-ഡിവിഷന്‍ ടീമുകളാണ് രണ്ടു ഗ്രൂപ്പുകളിലായി മത്സരിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ഗ്രൂപ്പ് എ യിലുള്ള ജരീര്‍ മെഡിക്കല്‍ യുത്ത് ഇന്ത്യയും ഗ്രൂപ്പ് ബി യിലുള്ള ചാലിയാര്‍ റെയിന്‍ബോ സോക്കറും തമ്മില്‍ മാറ്റുരക്കും.

16 മുതല്‍ വെള്ളിയാഴ്ചകളില്‍ വൈകുന്നേരം 4.30നും 6.30നും രണ്ടു മത്സരങ്ങള്‍ വീതം നടക്കും. സെമിഫൈനല്‍ മത്സരങ്ങള്‍ നവംബര്‍ 27നും ഫൈനല്‍ ഡിസംബര്‍ നാലിനും നടക്കും.

എട്ടാമത് കേളി ഫുട്ബോള്‍ ടൂര്‍ണമെന്റ് കൂടുതല്‍ മികവുറ്റതാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍