കേരളത്തിലെ ഗ്രാമങ്ങളിലെ ജലാശയങ്ങള്‍ വൃത്തിയാക്കാന്‍ ജര്‍മനിയിലെ സെന്‍ട്രല്‍ കമ്മിറ്റി സഹകരിക്കും
Thursday, October 8, 2015 8:02 AM IST
തൊടുപുഴ/കൊളോണ്‍: കേരളത്തില്‍ ദിനംതോറും ഏറിവരുന്ന കുടിവെള്ള ദൌര്‍ലഭ്യം കുറയ്ക്കാനായി കേരളത്തിലെ ഗ്രാമങ്ങളിലെ ജലാശയങ്ങള്‍ ഉപയോഗ്യമാക്കുന്ന കേരള സര്‍ക്കാരിന്റെ പദ്ധതിയില്‍ ജര്‍മന്‍ മലയാളികളുടെ സഹകരണം സെന്‍ട്രല്‍ കമ്മിറ്റി ഓഫ് ജര്‍മനി വാഗ്ദാനം ചെയ്തു.

കേരള ജലസേചന മന്ത്രി പി.ജെ. ജോസഫിന്റെ വസതിയില്‍ സെന്‍ട്രല്‍ കമ്മിറ്റി ഓഫ് കേരള അസോസിയേഷന്‍ ഇന്‍ ജര്‍മനി ചെയര്‍മാന്‍ ജോസ് പുതുശേരി നടത്തിയ കൂടിക്കാഴ്ചയിലാണു സഹകരണം വാഗ്ദാനം ചെയ്തത്.

കേരളത്തിലെ ഗ്രാമങ്ങളില്‍ ജലസംഭരണികള്‍ നിര്‍മിച്ച് അവ ശുദ്ധമായി വെടിപ്പോടെയും കാത്തുസംരക്ഷിക്കുക വഴി കുടിവെള്ളപ്രശ്നത്തിനു ഒരു പരിധിവരെ പരാഹാരം കാണാനവും എന്ന് മന്ത്രി പറഞ്ഞു. കൂടാതെ ജലാശയങ്ങള്‍ കാലാകാലങ്ങളില്‍ വൃത്തിയാക്കി സൂക്ഷിക്കുവാന്‍ സര്‍ക്കാരിന്റെ പദ്ധതിയില്‍ കൈകോര്‍ക്കാന്‍ ജര്‍മന്‍ മലയാളികള്‍ കാണിച്ച മനോഭാവത്തെ മന്ത്രി പ്രശംസിച്ചു. കേരളത്തിന്റെ വികസനത്തിനു ജര്‍മന്‍ മലയാളികള്‍ എന്നും കൈത്താങ്ങാവുന്നത് മറ്റു രാജ്യങ്ങളിലെ പ്രവാസികള്‍ക്കു പ്രചോദനമാവട്ടെയെന്നും മന്ത്രി ആശംസിച്ചു.

തൊടുപുഴ ശിവക്ഷേത്രത്തിലെ അമ്പലക്കുളം കേരള സംസ്ഥാന ജലസേചന വകുപ്പിന്റെ ഫണ്ടുപയോഗിച്ച് പുതുക്കിയെടുക്കുന്നതില്‍ ആദ്യമായി സെന്‍ട്രല്‍ കമ്മിറ്റിയുടെ സഹകരണം നല്‍കുമെന്നു ജോസ് പുതുശേരി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍