പൌലോസ് ദ്വതീയന്‍ കാതോലിക്കാബാവ മെല്‍ബണ്‍ സന്ദര്‍ശിക്കുന്നു
Thursday, October 8, 2015 6:48 AM IST
മെല്‍ബണ്‍: ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വീതിയന്‍ കാതോലിക്കാബാവ മെല്‍ബണിലെ സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളി ക്ളേറ്റനില്‍ പുതുതായി പണികഴിപ്പിച്ച സെന്റ് ഗ്രിഗോറിയോസ് ചാപ്പലിന്റെ കൂദാശ കര്‍മങ്ങള്‍ക്കായി എത്തുന്നു.

നവംബര്‍ 19നു മെല്‍ബണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തുന്ന ബാവായെ വൈദികരും വിശ്വാസികളും ചേര്‍ന്നു സ്വീകരിക്കും. വൈകുന്നേരം ആറിനു പാര്‍ക്ക് ഹയിറ്റ് ഹോട്ടലില്‍ നടക്കുന്ന പൌര സ്വീകരണത്തോടെ ബാവായുടെ മെല്‍ബണിലെ പരിപാടികള്‍ ആരംഭിക്കും.

20നു വൈകുന്നേരം തുടങ്ങുന്ന ചാപ്പല്‍ കൂദാശ കര്‍മങ്ങള്‍ മൂന്നിന്‍മേല്‍ കുര്‍ബാനയോടുകൂടി സമാപിക്കും. 12നു ഇതര സാമൂഹിക, രാഷ്ട്രീയ മതനേതാക്കള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിലും കാതോലിക്കാബാവ മുഖ്യാതിഥിയായിരിക്കും. 22നു (ഞായര്‍) മെല്‍ബണ്‍ സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ കാതോലിക്ക ബാവാ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി സിഡ്നി, കാന്‍ബറ, ബ്രിസ്ബെയ്ന്‍ എന്നിവിടങ്ങളിലുള്ള ഇടവക പള്ളികള്‍ സന്ദര്‍ശിക്കുകയും വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ചെന്നൈ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോര്‍സ്, സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് തുടങ്ങിയ മെത്രാപോലീത്തമാര്‍ ബാവയോടൊപ്പം പരിപാടികളില്‍ സംബന്ധിക്കും.

ഫാ. ഷിനു കെ. തോമസ്, അസി. വികാരി ഫാ. ഫ്രെഡിനാന്‍ഡ് പത്രോസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: ടോം ജേക്കബ്