ജാലിയന്‍ വാലാബാഗും ഉപ്പുസത്യാഗ്രഹവും ചിത്രീകരണത്തിലേക്ക്
Wednesday, October 7, 2015 8:39 AM IST
ദുബായി: പത്തു ഡോക്യുമെന്ററികളിലൂടെ ഇന്ത്യന്‍ സ്വാതന്ത്യ്ര സമര ചരിത്രത്തിലെ ശ്രദ്ധേയമായ ഏടുകള്‍ ദൃശ്യ വത്കരിച്ചുകൊണ്ട് ദേശ സ്നേഹത്തിന്റെ മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി ദുബായി കെഎംസിസി നിര്‍മിച്ച മലബാര്‍ കലാപം എന്ന ഡോക്യുമെന്ററിക്കുശേഷം ജാലിയന്‍ വാലാബാഗും ഉപ്പുസത്യാഗ്രഹവും ചിത്രീകരണത്തിലേക്ക്.

ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ പ്രമുഖ സംവിധായകന്‍ പി.ഡി. സന്തോഷ് ആണ് ഇതിന്റെ സംവിധായകന്‍. യുഎഇയിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളായ പാന്‍ ഗള്‍ഫ് ഗ്രൂപ്പ്, സിയ ഫുഡ്, തൌസിലത്ത് സ്റീല്‍ എന്‍ജിനിയറിംഗ്, ടെലിഫോണി, ബ്രിഡ്ജ് വേ, പെര്‍ഫെക്ട് ഗ്രൂപ്പ്, അല്‍ കത്താല്‍ ഗ്രൂപ്പ്, ഫോറം ഗ്രൂപ്പ്, ഫ്ളോറ ഗ്രൂപ്പ്, ട്രാവന്‍കൂര്‍ മലയാളി അസോസിയേഷന്‍ തുടങ്ങിയവരുടെ സാമ്പത്തിക സഹായത്തോടെ ജാലിയന്‍ വാലാബാഗ് കൂട്ടകൊല, ഉപ്പുസത്യാഗ്രഹം, ബംഗാള്‍ വിഭജനം, ചൌരി ചൌരാ സംഭവം, ഐമന്‍ കമ്മീഷന്‍, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം, ഇന്ത്യ സ്വതന്ത്രയാകുന്നു, 1857ലെ ഒന്നാം സ്വാതന്ത്യ്ര സമരം തുടങ്ങിയ ഡോക്യുമെന്ററികള്‍ പൂര്‍ത്തീകരിക്കുന്നതോടുകൂടി ചരിത്ര വിദ്യാര്‍ഥികള്‍ക്കും വളര്‍ന്നു വരുന്ന തലമുറകള്‍ക്കും ഉപകാരപ്രദമായ ഒരടയാളപ്പെടുത്തലാവും ഇത്. ധീര ദേശാഭിമാനികള്‍ രക്തവും ജീവനും നല്‍കി കെട്ടിപ്പെടുത്ത സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രം വസ്തു നിഷ്ടമായി ബോധ്യപ്പെടുത്താനും ദേശക്കൂറിന്റെ മായാത്ത വര്‍ണം നല്‍കാനും ഇതു വേറിട്ട കാഴ്ചയാകുമെന്ന് ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹയും പി.ഡി. സന്തോഷും പറഞ്ഞു.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍