സിനഡിലെ അല്മായ പ്രതിനിധി പ്രഫ. ജേക്കബ് എം. ഏബ്രഹാം മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി
Wednesday, October 7, 2015 8:39 AM IST
വത്തിക്കാന്‍സിറ്റി: റോമില്‍ നടക്കുന്ന ആഗോള കത്തോലിക്കാ മെത്രാന്‍ സിനഡിന്റെ പതിനാലാമത് ജനറല്‍ അസംബ്ളിയില്‍ പങ്കെടുക്കുന്ന

കേരളത്തില്‍ നിന്നുള്ള ഏക അല്മായ പ്രതിനിധി പ്രഫ. ജേക്കബ് എം. ഏബ്രഹാം ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി.

തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്ര്‍ഡൂസ് താഴത്തും പ്രഫ. ജേക്കബിനൊപ്പം ഉണ്ടായിരുന്നു. മാര്‍പാപ്പയെ നേരില്‍ക്കണ്ട് അനുഗ്രഹം വാങ്ങിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണു പ്രഫ. ജേക്കബ്.

'ആധുനിക ലോകത്തില്‍ കുടുംബങ്ങളുടെ വിളിയും ദൌത്യവും' എന്നതാണു ഇത്തവണത്തെ സിനഡിന്റെ വിഷയം. ഭാരതസഭയെ പ്രതിനിധീകരിച്ച് പ്രഫ. ജേക്കബ് പ്രബന്ധം അവതരിപ്പിക്കുന്നുണ്ട്.

തിരുവല്ലാ അതിരൂപതയിലെ ചെങ്ങരൂര്‍ സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ ഇടവകാംഗമാണ് പ്രഫ. ജേക്കബ് എം. ഏബ്രഹാം മുണ്ടപ്ളാക്കല്‍. കെസിവൈഎം സംസ്ഥാന പ്രസിഡന്റ്, കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്, മലങ്കര കാത്തലിക് അസോസിയേഷന്‍ സഭാതല സമിതി പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തുരുത്തിക്കാട് ബിഎഎം കോളജ് കൊമേഴ്സ് വിഭാഗം മുന്‍ പ്രഫസറായ ജേക്കബ് എം. എബ്രഹാം കേരള കോണ്‍ഗ്രസ്-എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയാണ്. കുന്നന്താനം ഗ്രാമപഞ്ചായത്ത് അംഗം, മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍