ഫോക്സ്വാഗന്‍ തൊഴിലാളികളോട് പുതിയ മുതലാളിയുടെ ആഹ്വാനം
Wednesday, October 7, 2015 8:38 AM IST
ബര്‍ലിന്‍: വരാനിരിക്കുന്നത് മോശം കാലമാണെന്നും എല്ലാവരും കരുതിയിരിക്കണമെന്നും ഫോക്സ്വാഗനിലെ തൊഴിലാളികളോടു പുതിയ മേധാവി മത്യാസ് മ്യുള്ളറുടെ ആഹ്വാനം.

മലിനീകരണം കുറച്ചു കാട്ടുന്ന ടര്‍ബോ ഡീസല്‍ കാറുകള്‍ ഒരു കോടിയിലേറെയാണു വിവിധ ലോക രാജ്യങ്ങളിലായി കമ്പനി വിറ്റഴിച്ചിരിക്കുന്നത്. ഇവയില്‍ വലിയൊരു പങ്കും തിരിച്ചു വിളിക്കുകയോ നന്നാക്കി കൊടുക്കുകയോ ചെയ്യണം.

ഇതിനുള്ള ചെലവിനു പുറമേ വന്‍ തുക പിഴയിനത്തിലും പോകും. മാറ്റിവച്ചിരിക്കുന്ന തുക ഒന്നിനും തികയില്ലെന്നാണു മുള്ളറുടെ വിലയിരുത്തല്‍. ഏതായാലും കമ്പനിയുടെ തലപ്പിത്തിരിക്കുന്നവര്‍ കാണിച്ച കൊള്ളരുതായ്മകള്‍ കൊള്ളലാഭത്തെ കവച്ചു വച്ച നഷ്ടത്തിനു കാരണമായിക്കഴിഞ്ഞു. അതു നികത്താന്‍ ഇനി ബെല്‍റ്റ് മുറുക്കേണ്ടി വരുന്നത്, ഒന്നുമറിയാത്ത സാധാരണ തൊഴിലാളികളും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍