നൊബേല്‍ സമാധാന സമ്മാനം: മെര്‍ക്കല്‍ സഹായിക്കുമോ പീസ് റിസേര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിനെ?
Wednesday, October 7, 2015 8:38 AM IST
ഓസ്ളോ: നോര്‍വേയില്‍ പ്രവര്‍ത്തിക്കുന്ന പീസ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് എല്ലാ വര്‍ഷവും നൊബേല്‍ സമാധാന സമ്മാന ജേതാവിനെ പ്രവചിക്കാറുണ്ട്. എല്ലാത്തവണയും തെറ്റുകയും ചെയ്യും.

ഇക്കുറിയെങ്കിലും ഇന്‍സ്റിറ്റ്യൂട്ടിന്റെ പ്രവചനം ശരിയാവണമെങ്കില്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ സമാധാന നൊബേല്‍ സ്വന്തമാക്കണം. കാരണം, അവരാണ് ഇക്കുറി ഇന്‍സ്റിറ്റ്യൂട്ടിന്റെ സാധ്യതാ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

വെള്ളിയാഴ്ചയാണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്. എല്ലാ വര്‍ഷവും തെറ്റിയിട്ടും പ്രവചനം തുടരുന്നതിലെ സാംഗത്യം ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇന്‍സ്റിറ്റ്യൂട്ടിന്റെ ഇപ്പോഴത്തെ ഡയറക്ടര്‍ ക്രിസ്റ്റ്യന്‍ ബെര്‍ഗ് ഹാര്‍പ്പിക്കെനു അതിനു മറുപടിയുണ്ട്. 'പ്രവചനം ശരിയായാലും തെറ്റായാലും പ്രവചിക്കുമ്പോള്‍ ഇളകുന്ന ഒരു ഓളമുണ്ട്, അതു മാത്രമേ ഞങ്ങള്‍ ഉദ്ദേശിക്കുന്നുള്ളൂ' എന്നാണ്.

യുക്രെയ്ന്‍ പ്രശ്നം പരിഹരിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ പേരിലും യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന്റെ സമയത്ത് ഉദാര സമീപനം സ്വീകരിച്ചതിന്റെ പേരിലുമാണു മെര്‍ക്കല്‍ നൊബേല്‍ സമ്മാനത്തിനു പരിഗണിക്കപ്പെടുന്നത്.

കൊളംബിയന്‍ പ്രസിഡന്റ് യുവാന്‍ മാന്വല്‍ സാന്റോസും രാജ്യത്തെ വിമത നേതാവ് ടിമോളിയോന്‍ ജിമെനെസും സംയുക്തമായാണു രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത്. അമ്പതു വര്‍ഷമായി തുടരുന്ന ആഭ്യന്തരസംഘര്‍ഷത്തിനു പരിഹാരം കണ്ടതാണു സംഭാവന.

നിരവധി മാധ്യമപ്രവര്‍ത്തകരെ ആക്രമണങ്ങളില്‍ നഷ്ടമായിട്ടും റഷ്യയിലും സമീപ പ്രദേശങ്ങളിലും സമാധാനം ഉറപ്പാക്കാന്‍ പ്രവര്‍ത്തിച്ച റഷ്യന്‍ ദിനപത്രം നോവായ ഗസെറ്റയും അതിന്റെ എഡിറ്റര്‍ ദിമിത്രി മുറേറ്റോവും ആണു മൂന്നാം സ്ഥാനത്ത്.

നാലാമതായി ഉള്‍പ്പെടുത്തിയിരിക്കുന്നത് ജപ്പാനിലെ ഒമ്പതാം അനുച്ഛേദ സംഘടനയെയാണ്. യുദ്ധം രാജ്യത്തിന്റെ മൌലികാവകാശമല്ലെന്നും ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബലം പ്രയോഗിക്കില്ലെന്നും ഉറപ്പു നല്‍കുന്നതാണ് ഒമ്പതാം അനുച്ഛേദം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍