ചരിത്രമായി വിയന്നയിലെ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് ഇടവകകള്‍
Wednesday, October 7, 2015 8:28 AM IST
വിയന്ന: മലങ്കര മണ്ണില്‍ പരിശുദ്ധ സഭയെ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പാതയില്‍ വിശ്വാസത്തില്‍ അടിയുറപ്പിക്കുവാന്‍ അന്ത്യോഖ്യായില്‍നിന്നും എഴുന്നള്ളിവന്നു കോതമംഗലം മാര്‍ തോമന്‍ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മപ്പെരുന്നാളാണ് ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും പാതയില്‍ സെന്റ് മേരീസ് മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയും സെന്റ് ബേസില്‍ ഓര്‍ത്തഡോക്സ് സമൂഹവും സംയുക്തമായി ആഘോഷിച്ചത്.

ഒക്ടോബര്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ നടന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മധ്യ യൂറോപ്പ് ഭദ്രാസന മെത്രാപ്പോലീത്തായും മുളന്തുരുത്തി എംഎസ്ഒറ്റി സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്തായുമായ ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മുഖ്യകാര്‍മികത്വം വഹിച്ചു. വെള്ളി, ശനി ദിവസങ്ങളില്‍ ഫ്ളോറിഡ്സ് ഡോര്‍ഫിലെ സെന്റ് ബേസില്‍ ഇടവകയിലും ഞായറാഴ്ച ലൈന്‍സര്‍സ്ടാസയിലെ സെന്റ് മേരീസ് മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് ദേവാലയത്തിലുമായാണു തിരുക്കര്‍മങ്ങള്‍ നടന്നത്.

രണ്ട് ഇടവകകളായിരുന്ന സുറിയാനി സമൂഹം ഒരുമിച്ചു ചേര്‍ന്ന് കൊണ്ടാടിയ പെരുന്നാള്‍ ഏറെ അര്‍ഥപൂര്‍ണവും സമാധാനത്തിന്റെയും ഐക്യത്തിന്റെയും കൂട്ടായ്മയുടെയും വേദിയായി സമൂഹങ്ങള്‍ രൂപാന്തരപ്പെട്ടതില്‍ ദൈവത്തിനു കൃതജ്ഞത അര്‍പ്പിക്കുന്നതായി അനുഗ്രഹപ്രഭാഷണത്തില്‍ തെയോഫിലോസ് ഓര്‍മിച്ചു. ശനിയാഴ്ച സെന്റ് ബേസില്‍ ഇടവകയിലെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കുശേഷം ഇടവകാംഗങ്ങള്‍ പ്രാര്‍ഥന നിര്‍ഭരമായി പരി. യല്‍ദോ ബാവായുടെ കബറിടത്തിന്റെ ഛായാ ചിത്രം സെന്റ് മേരീസ് ദേവാലയത്തിലേക്ക് കൊണ്ടുവരികയും ഇടവക മെത്രാപ്പോലിത്തായില്‍ പരി. യല്‍ദോ ബാവായുടെ നാമത്തില്‍ ഒരു ബലിപീഠം കൂദാശ ചെയ്ത് സമര്‍പ്പിക്കുകയും ചെയ്തു.

തുടര്‍ന്നു വിശ്വാസികള്‍ സെന്റ് മേരീസ് ദേവാലയത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ചു. കുര്‍ബാനയ്ക്കുശേഷം തെയോഫിലോസ് സന്ദേശം നല്‍കുകയും പരിശുദ്ധ ബാവയുടെ നാമത്തില്‍ സ്ഥാപിതമായ ത്രോണോസില്‍ ധൂപപ്രാര്‍ഥനയും പ്രത്യേകമായ മധ്യസ്ഥപ്രാര്‍ഥനയും നടത്തി.

അതേസമയം പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്ന സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും വിദ്യാര്‍ഥികള്‍ പ്രാര്‍ഥന ഗീതങ്ങള്‍ പാടുകയും ചെയ്തു. ഇനി മുതല്‍ എല്ലാ മാസങ്ങളിലേയും നാലാമത്തെ ഞായറാഴ്ച പരി. ബാവയോടുള്ള പ്രത്യേകമായ മധ്യസ്ഥപ്രാര്‍ഥന ഇടവക ദേവാലയത്തില്‍ ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ജോഷി വെട്ടിക്കാട്ട് അറിയിച്ചു.

വിജിലന്‍സ്, റെയില്‍വേ ഡിഐജിയും രാഷ്ട്രപതിയില്‍നിന്നു വിശിഷ്ട സേവനത്തിനുള്ള സേവാമെഡല്‍, ഉപരാഷ്ട്രപതിയില്‍നിന്നു സിഎന്‍എന്‍, ഐബിഎന്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ച പി. വിജയന്‍ ഐപിഎസ് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മതവിശ്വാസവും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നതെന്നു പറഞ്ഞ അദ്ദേഹം കര്‍മ മണ്ഡലങ്ങളില്‍ വിശ്വസ്തയും ആത്മാര്‍ഥയും കൈവിടരുതെന്ന് ഓര്‍മപ്പെടുത്തി. ഇടവകയ്ക്കുവേണ്ടി കമാന്‍ഡര്‍ ജോര്‍ജ് പടിക്കക്കുടി വിജയന്‍ ഐപിഎസിനു നന്ദി പറഞ്ഞു. സെന്റ് മേരീസ് ദേവാലയ സെക്രട്ടറി ജോളി തുരുത്തുമ്മേല്‍, ട്രസ്റി സോജ ചേലപ്പുറത്ത്, യാക്കോബ് പടിക്കക്കുടി, ജോണ്‍സണ്‍ ചേലപ്പുറത്ത്, അവറാച്ചന്‍ കരിപ്പക്കാട്ട്, മോന്‍സി ഇയത്തുംകളത്തില്‍ എന്നിവര്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കി. വികാരി ഫാ. ജോഷി വെട്ടിക്കാട്ടില്‍ ഏവര്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോബി ആന്റണി