ഫോക്കസ് കുവൈത്ത് ഒമ്പതാമത് വാര്‍ഷികം ഒക്ടോബര്‍ ഒമ്പതിന്
Tuesday, October 6, 2015 8:29 AM IST
കുവൈത്ത്: 2006ല്‍ രൂപീകൃതമായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ്) ഒമ്പതാമത് വാര്‍ഷികം 'ഫോക്കസ് ഫെസ്റ് 2015' ഒക്ടോബര്‍ ഒമ്പതിനു (വെള്ളി) ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ ഖൈത്താന്‍ കാര്‍മല്‍ സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികള്‍.

ആഘോഷ പരിപാടികളുടെ ഭാഗമായി ഫോക്കസ് അംഗങ്ങളുടെയും ആവരുടെ കുട്ടികളുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറും. വൈകുന്നേരം അഞ്ചിനു നടക്കുന്ന പൊതു സമ്മേളനം ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കുവൈത്തിലെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.

കുവൈത്ത് മലയാളി സമൂഹത്തിലെ സാമൂഹ്യ-സാംസ്കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മനോജ് മാവേലിക്കരയെയും ഫോക്കസിന്റെ മുതിര്‍ന്ന അംഗങ്ങളായ സുഗതന്‍ ആര്‍ (യൂനിറ്റ്-16), സോമന്‍ പിള്ള (യൂനിറ്റ്-9) എന്നിവരെയും സംഘടനയുടെ അംഗങ്ങളുടെ കുട്ടികളില്‍ നിന്ന് പത്താം തരം പാസായ കുട്ടികള്‍ക്ക് അവാര്‍ഡ് നല്‍കിയും ആദരിക്കും.

തുടര്‍ന്നു പ്രമുഖ പിന്നണി ഗായിക ചന്ദ്രലേഖയും, കൈരളി ടിവി ഗാനഗന്ധര്‍വന്‍ വിജയിയായ പ്രവീണ്‍ ദേവും അവതരിപ്പിക്കുന്ന ഗാനമേള, കുവൈത്തിലെ പ്രമുഖ കലാകാരന്മാരുടെ മിമിക്സ് പരേഡ് തുടങ്ങിയ വിവിധ പരിപാടികള്‍ ഉണ്ടായിരിക്കും.

ഏവരെയും ഫോക്കസ് ഫെസ്റ്റ് 2015 ലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍