പത്താം തരം തുല്യതാ ക്ളാസ്: പ്രവേശനോത്സവം ഒക്ടോബര്‍ ഒമ്പതിന്
Tuesday, October 6, 2015 8:29 AM IST
ദുബായി: കേരള സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സാക്ഷരതാ മിഷന്‍ നടത്തി വരുന്ന പത്താംതരം തുല്യതാ കോഴ്സിന്റെ നാലാമത് ബാച്ചിന്റെ പ്രവേശനോത്സവം ഒക്ടോബര്‍ ഒമ്പതിനു (വെള്ളി) രാവിലെ ഒമ്പതിനു ദുബായി കെഎംസിസി അല്‍ ബറാഹ ആസ്ഥാനത്തു നടക്കും.

കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മൂന്നു ബാച്ചുകളിലായി 320 പഠിതാക്കളാണ് തുല്യതാ കോഴ്സ് വിജയകരമായി പൂര്‍ത്തീകരിച്ചത്. നാലാം ബാച്ചിന്റെ പ്രവേശനോത്സവത്തില്‍ കേരള പബ്ളിക് സര്‍വീസ് കമ്മീഷന്‍ അംഗം ടി.ടി. ഇസ്മായില്‍ മുഖ്യാതിഥിയായിരിക്കും. ഫറൂഖ് കോളജ് അലൂംനി, പിഎസ്എംഒ കോളജ് അലുംനി, ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി അലൂംനി എന്നീ അസോസിയേഷന്റെ ഭാരവാഹികള്‍, കെഎംസിസി കേന്ദ്രസംസ്ഥാന ഭാരവാഹികള്‍, എന്‍ഐ മോഡല്‍ സ്കൂള്‍ ഡയറക്ടര്‍ സുരേന്ദ്രന്‍ നായര്‍ തുടങ്ങിയ വിദ്യാഭ്യാസ-സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.

കെഎംസിസി നാലാംബാച്ചിലേക്ക് രജിസ്റര്‍ ചെയ്ത എല്ലാ പഠിതാക്കളും കൃത്യ സമയത്ത് ചടങ്ങില്‍ എത്തിച്ചേരണമെന്ന് ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍