ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മൂന്നിന്റെ നിര്‍മാണം തുടങ്ങി
Tuesday, October 6, 2015 7:30 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഏറ്റവും വലിയ അന്തരാഷ്ട്ര എയര്‍പോര്‍ട്ടായ ഫ്രാങ്ക്ഫര്‍ട്ടിലെ ടെര്‍മിനല്‍ മൂന്നിന്റെ നിര്‍മാണം ഉദ്ഘാടനം ചെയ്തു. ഹെസന്‍ സംസ്ഥാന മുഖ്യമന്ത്രി ഫോള്‍ക്കര്‍ ബുഫെയര്‍, സംസ്ഥാന ട്രാന്‍സ്പോര്‍ട്ട്-സാമ്പത്തിക വകുപ്പ് മന്ത്രി ടാരെക് അല്‍ വസീര്‍, ഫ്രാങ്ക്ഫര്‍ട്ട് സിറ്റി മേയര്‍ പീറ്റര്‍ ഫെല്‍ഡ്മാന്‍, എയര്‍പോര്‍ട്ടിലെ വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ എന്നിവര്‍ സംയുക്തമായാണു നിര്‍മാണ ഉദ്ഘാടനം നടത്തിയത്.

മൂന്നു മില്യണ്‍ യൂറോ ചെലവു വരുന്ന ടെര്‍മിനല്‍ മൂന്നിന്റെ നിര്‍മാണം മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയാല്‍ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ 14 മില്യണ്‍ യാത്രക്കാര്‍ക്കു യാത്രാ സൌകര്യം നല്‍കാന്‍ സാധിക്കും. ഇതോടെ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ട് യൂറോപ്പിലെ അത്യാധുനിക സൌകര്യങ്ങള്‍ ഉള്ള ഏറ്റവും വലിയ എയര്‍പോര്‍ട്ടായി മാറും. കഴിഞ്ഞ വര്‍ഷം 2014 ല്‍ 50 മില്യണ്‍ യാത്രക്കാര്‍ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര ചെയ്തു. 105 രാജ്യങ്ങളിലെ 310 എയര്‍പോര്‍ട്ടുകളിലേക്ക് 110 എയര്‍ലൈനുകള്‍ ഇപ്പോള്‍ വിമാന സര്‍വീസ് നടത്തുന്നു.

ടെര്‍മിനല്‍ മൂന്നിന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ കൂടുതല്‍ വിമാന സര്‍വീസുകളും അതിനോടൊപ്പം കൂടുതല്‍ ജോലി ഒഴിവുകളും ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ ഉണ്ടാകും. ഇപ്പോള്‍ മൊത്തം 84,000 ജോലിക്കാര്‍ ഉള്ള ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ട് ജര്‍മനിയിലെ ഏറ്റവും വലിയ ജോലി ദാതാവാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍