ഗുജറാത്ത് വൈബ്രന്റ് ബിസിനസ് ഉച്ചകോടിയില്‍ തുംബൈ മൊയ്തീന്‍ പ്രഭാഷണം നടത്തി
Tuesday, October 6, 2015 7:28 AM IST
അബുദാബി: ഗുജറാത്ത് 'വൈബ്രന്റ് ബിസിനസ് ഉച്ചകോടിയില്‍' തുംബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് തുംബൈ മൊയ്തീന്‍ പ്രഭാഷണം നടത്തി. രാജ്യത്തിന്റെ വിവിധ മേഖലകളില്‍നിന്നെത്തിയ ആറായിരത്തോളം ബിസിനസ് പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.

ബിസിനസ് രംഗത്തെ തുംബൈ ഗ്രൂപ്പിന്റെ വളര്‍ച്ചയുടെ പടവുകളും അനുഭവങ്ങളും പ്രതിനിധികളുമായി അദ്ദേഹം വിശദീകരിച്ചു. ഏതൊരു ബിസിനസിന്റെ പുരോഗതിക്കും ഈശ്വരാനുഗ്രഹവും സര്‍ക്കാരിന്റെ പിന്തുണയും ഒരു നല്ല ടീമിന്റെ പിന്തുണയും ആവശ്യമാണ്. യുഎയിലെ ആരോഗ്യ വിദ്യാഭ്യാസമേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ മെഡിക്കല്‍ യൂണിവേഴ്സിറ്റിയും ആശുപത്രികളുടെയും ക്ളിനിക്കുകളുടെയും ശൃംഖലയും വളര്‍ത്തുന്ന അവസരത്തില്‍ അനുഭവങ്ങളില്‍നിന്നു പുതിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞുവെന്നും തുംബൈ മൊയ്തീന്‍ അറിയിച്ചു.

പതിനായിരം ചതുരശ്ര മീറ്റര്‍ സ്ഥലത്ത് പ്രത്യേകം തയാറാക്കിയ ഗുജറാത്ത് വൈബ്രന്റ് ബിസിനസ് ഉച്ചകോടിയില്‍ ബിസിനസ് രംഗത്തെ നൂതന ആശയങ്ങളെ അടിസ്ഥാനമാക്കി പ്രദര്‍ശനവും ബിസിനസ് ടു ബിസിനസ് (ആ2ആ), ബിസിനസ് ടു കണ്‍സ്യൂമര്‍ (ആ2ഇ), ബിസിനസ് ടു ഇന്‍വെസ്റര്‍ (ആ2ക), ബിസിനസ് ടു ഗവണ്‍മെന്റ് (ആ2ഏ) തുടങ്ങിയ വിഷയങ്ങളില്‍ പ്രതിനിധികള്‍ക്ക് ആശയ വിനിമയം നടത്തുന്നതിനുള്ള ക്രമീകരണവും നല്‍കി. ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും ബിസിനസ് പ്രമുഖര്‍ പങ്കെടുത്ത ഗുജറാത്ത് 'വൈബ്രന്റ് ബിസിനസ് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു.