ന്യൂഏജ് തെങ്ങമം മാധ്യമ പുരസ്കാരം സമ്മാനിച്ചു
Tuesday, October 6, 2015 5:04 AM IST
റിയാദ്: ന്യൂ ഏജ് ഇന്ത്യ സാംസ്കാരിക വേദിയുടെ ഓണം ഈദ് ആഘോഷവേദിയില്‍ വെച്ച് ഈ വര്‍ഷത്തെ തെങ്ങമം ബാലകൃഷ്ണന്‍ സ്മാരക മാധ്യമ പുരസ്കാരം നജിം കൊച്ചുകലുങ്കിന് സമ്മാനിച്ചു. ഓണസദ്യയോടെ ആരംഭിച്ച പരിപാടികള്‍ ജോസഫ് അതിരുങ്കല്‍ ഉദ്ഘാടനം ചെയ്തു. ഓണാഘോഷങ്ങളില്‍ മഴവില്ല് ബാലസംഘത്തിലേയും റിയാദിലെ മറ്റ് സാംസ്കാരിക സംഘടകളിലേയും കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളും മാവേലിയും, ചാക്യാരും, പുലികളിയും റിയാദിലെ പ്രമുഖ പ്രവാസി കലാകാരന്‍ കലാഭവന്‍ നസീബ് അവതരിപ്പിച്ച മിമിക്സ് പരേഡും പരിപാടികള്‍ക്ക് പൊലിമയേകി.

വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനം പ്രമുഖ സി.പി.എം നേതാവ് കെ.ഇ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തി. തെങ്ങമം ബാലകൃഷ്ണന്‍ സ്മാരക മാധ്യമ പുരസ്കാരം നജീം കൊച്ചുകലുങ്കിന് മുന്‍മന്ത്രി ബിനോയ് വിശ്വവും കൈരളി ഫുഡ്സ് എം.ഡി മധു മോഹന്‍ നായര്‍, ഫ്ളീരിയ ഗ്രൂപ്പ് സിഒഒ ഫസല്‍ റഹ്മാന്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. അഷ്റഫ് വടക്കേവിള, ഫസല്‍ റഹ്മാന്‍, നാസര്‍ അബൂബക്കര്‍, ഷിഹാബ് കൊട്ടുകാട്, സക്കീര്‍ വടക്കുംതല, സബീന എം. സാലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നജിം പുരസ്കാരത്തിന് നന്ദി പറഞ്ഞു. ഹരി നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഷാനവാസ് സ്വാഗതവും സക്കറിയ പുറക്കാട് നന്ദിയും പറഞ്ഞു. അനിത നസീം, ഉമ അശോക് എന്നിവര്‍ അവതാരകരായിരുന്നു. വിനോദ് മഞ്ചേരി, സന്തോഷ് തൃശൂര്‍, വിനോദ് രാജ് കാര്‍ത്തി, ജോഷി, മോഹനന്‍, ജംഹര്‍ സക്കരിയ കുന്നംകുളം തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍