ട്രേഡ് യൂണിയന്‍ തലത്തിലേയ്ക്കു ഡോക്ടര്‍മാര്‍ തരംതാഴരുത്: മന്ത്രി ശിവകുമാര്‍
Monday, October 5, 2015 7:55 AM IST
ഗാര്‍ലന്‍ഡ് (ടെക്സസ്): പൊതുജനാരോഗ്യം സംരക്ഷിക്കുവാന്‍ ബാധ്യസ്ഥരായ ഡോക്ടര്‍മാര്‍ ശമ്പള വര്‍ധന, പ്രൈവറ്റ് പ്രാക്ടീസ് ഡ്യൂട്ടി സമയം കുറയ്ക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചു സമരരംഗത്തേക്ക് എടുത്തുചാടുന്ന പ്രവണത ഉപേക്ഷിക്കണമെന്നും ട്രേഡ് യൂണിയന്‍ തലത്തിലേക്ക് ഡോക്ടര്‍മാര്‍ തരം താഴരുതെന്നും കേരള ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ അഭ്യര്‍ഥിച്ചു.

ഒക്ടോബര്‍ നാലിനു വൈകുന്നേരം ആറിനു കേരള അസോസിയേഷന്‍ ഓഫ് ഡാളസ് അംഗങ്ങളും യുഡിഎഫ് പ്രവര്‍ത്തകരും അനുഭാവികളും സംയുക്തമായി സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ അഭിപ്രായപ്രകടനം നടത്തുകയായിരുന്നു മന്ത്രി.

ആരോഗ്യ പരിപാലനരംഗത്ത് കേരളം നടപ്പാക്കിയ പ്രത്യേക പദ്ധതികള്‍ ദേശീയ തലത്തില്‍ മൂന്ന് അവാര്‍ഡുകള്‍ കേരളത്തിനു നേടി തന്നു. കേരളത്തില്‍ അമ്മമാരുടേയും നവജാതശിശുക്കളുടേയും മരണനിരക്ക് കുറയ്ക്കുവാന്‍ കഴിഞ്ഞതും കേരളത്തില്‍ മെഡിക്കല്‍ കോളജുകളുടെ എണ്ണം അഞ്ചില്‍നിന്നു പതിനെട്ടാക്കി ഉയര്‍ത്തുവാന്‍ കഴിഞ്ഞതും ആരോഗ്യ വകുപ്പിന്റെയും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെയും നേട്ടമായി മന്ത്രി ചൂണ്ടിക്കാട്ടി.

അമേരിക്ക ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്ന മലയാളി സമൂഹം കേരള ആരോഗ്യ സംരക്ഷണ മേഖലകളില്‍ സഹകരിക്കണമെന്നു മന്ത്രി അഭ്യര്‍ഥിച്ചു.

കേരള അസോസിയേഷന്‍ പ്രസിഡന്റ് ബാബു സി. മാത്യു സ്വാഗതം ആശംസിച്ചു. ബോബന്‍ കൊടുവത്ത് മന്ത്രിയെ സദസിനു പരിചയപ്പെടുത്തി. സദസ്യരില്‍നിന്ന് ഉയര്‍ന്ന ചോദ്യങ്ങള്‍ക്കു മന്ത്രി മറുപടി നല്‍കി. അസോസിയേഷന്‍ സെക്രട്ടറി റോയ് കൊടുവത്ത് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍