പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാളിനു കൊടിയേറി
Monday, October 5, 2015 7:54 AM IST
മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ ക്ളയിറ്റണ്‍ സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍ ഒക്ടോബര്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ആഘോഷിച്ചു.

തിരുനാളിനു തുടക്കം കുറിച്ച് മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. തുടര്‍ന്നു നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

വെള്ളി രാവിലെ സെന്റ് പീറ്റേഴ് ഹാളില്‍ നടന്ന ബൈബിള്‍ കലോത്സവം പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. ജയ്ക്കബ് കുറുപ്പനകത്ത് ഉദ്ഘാടനം ചെയ്തു. മതാധ്യാപക കോ-ഓര്‍ഡിനേറ്റര്‍ സിജോ ജോണ്‍ സ്വാഗതം ആശംസിച്ചു.

വൈകുന്നേരം നടന്ന സമാപന സമ്മേളനം മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. മാര്‍ ബോസ്കോ പുത്തൂര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. ജയ്ക്ക്ബ് കുറുപ്പനകത്ത്, ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി, ഫാ. തോമസ് കുമ്പുക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. തുടര്‍ന്നു വിജയികളായ കുട്ടികള്‍ക്ക് മാര്‍ മാത്യു മൂലക്കാട്ടും മാര്‍ ബോസ്കോ പുത്തൂരും ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മതാധ്യാപക കോ-ഓര്‍ഡിനേറ്റര്‍ ജിജിമോന്‍ കുഴിവേലി സ്വാഗതം ആശംസിച്ചു. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍