കേളി അല്‍ഖര്‍ജ് ഏരിയ സൂപ്പര്‍ സെവന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്
Monday, October 5, 2015 7:50 AM IST
റിയാദ്: കേളി അല്‍ഖര്‍ജ് ഏരിയയുടെ ആഭിമുഖ്യത്തില്‍ രണ്ടാമത് കേളി സുപ്പര്‍ സെവന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനു അല്‍ഖര്‍ജ് ന്യൂസനയ ക്രിക്കറ്റ് ഗ്രൌണ്ടില്‍ വെള്ളിയാഴ്ച്ച തുടക്കമായി.

കേളി പ്രസിഡന്റ് മുഹമ്മദ്കുഞ്ഞു വള്ളികുന്നം ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഏരിയ രക്ഷാധികാരി സമിതി കണ്‍വീനര്‍ ജോസഫ് ടിജി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സെക്രട്ടറി ശ്രീകാന്ത് കണ്ണുര്‍ സ്വാഗതം പറഞ്ഞു. സംഘാടക സമിതി കണ്‍വീനര്‍ ജോണി കാപ്പില്‍, പ്രസിഡന്റ് വിനയന്‍, സിയാദ് മണ്ണഞ്ചേരി, മുഹമ്മദ് അലി എന്നിവരും ഏരിയ കമ്മിറ്റി അംഗങ്ങള്‍, വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കന്‍ ഇലവന്‍ സുപ്പര്‍ സ്റാര്‍ ഇലവനെ പരാജയപ്പെടുത്തി. മൂന്നു മാസത്തോളം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 18 ടീമുകള്‍ പങ്കെടുക്കും. എല്ലാ മത്സരങ്ങളിലേയും മികച്ച കളിക്കാരനു മാന്‍ ഓഫ് ദ മാച്ച് പുരസ്കാരവും ഫൈനല്‍ മത്സര വിജയികള്‍ക്കും റണ്ണര്‍ അപ്പിനും കാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കുമെന്നും സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. ഷബീര്‍, പ്രജീഷ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. ഉദ്ഘാടനമത്സരം വീക്ഷിക്കാന്‍ സ്വദേശികളും വിവിധ രാജ്യക്കാരായ പ്രവാസികളും ഉള്‍പ്പെടെ വന്‍ജനാവലി സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍