ന്യൂയോര്‍ക്കില്‍ ഇന്തോ-അമേരിക്കന്‍ പ്രസ് ക്ളബ് അന്താരാഷ്ട്ര സമ്മേളനം ഒക്ടോബര്‍ ഒമ്പതു മുതല്‍ 12 വരെ
Monday, October 5, 2015 7:46 AM IST
ന്യൂയോര്‍ക്ക് : ഇന്തോ-അമേരിക്കന്‍ പ്രസ് ക്ളബ് ഒരുക്കിയിരിക്കുന്ന ആഗോള മാധ്യമ സമ്മേളനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

ഒക്ടോബര്‍ ഒമ്പതു മുതല്‍ 12 വരെ ന്യൂയോര്‍ക്ക് റോണ്‍കോണ്‍കോമയിലെ ക്ളാരിയോണ്‍ ഹോട്ടല്‍ ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകവും ഒറ്റയാള്‍ സമരനായികയുമായ ദയ ബായിയെ സത്കര്‍മ അവാര്‍ഡു നല്‍കിയും മലയാളിയും ബിസിനസ് സംരംഭകനും കാരുണ്യപ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരിന് സത്ഭാവന അവാര്‍ഡു നല്‍കിയും സംസ്ഥാനത്തിന്റെ അടിസ്ഥാന സൌകര്യവികസന മേഖലയില്‍ നടപ്പാക്കിയ ആധുനികവത്കരണത്തെ മുന്‍നിര്‍ത്തി പൊതുമരാമത്ത് മന്ത്രി മന്ത്രി ഇബ്രാഹിംകുഞ്ഞിനെ മിനിസ്റര്‍ ഓഫ് എക്സലന്‍സ് അവാര്‍ഡിനായും തെരഞ്ഞെടുത്തു.

ചടങ്ങില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രശസ്തരായ മാധ്യമപ്രവര്‍ത്തകര്‍ നയിക്കുന്ന സെമിനാറുകളും വര്‍ക്ഷോപ്പുകളും ഉണ്ടായിരിക്കും.

ദീപിക അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ, റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്റര്‍ നികേഷ് കുമാര്‍, ജയ്ഹിന്ദ് ടിവി എക്സിക്യൂട്ടീവ് എഡിറ്റര്‍ ജെ.എസ്. ഇന്ദുകുമാര്‍, മംഗളം അസോസിയേറ്റ് എഡിറ്ററും തിരുവനന്തപുരം പ്രസ്ക്ളബ് പ്രസിഡന്റുമായ ആര്‍. അജിത്കുമാര്‍, മനോരമയുടെ സുജിത് നായര്‍ ഡോക്യുമെന്ററി ഫിലിംമേക്കേഴ്സ് സൈമണ്‍ കുര്യന്‍, ഗീതാജ്ഞലി കുര്യന്‍, ദി സൌത്ത് ഏഷ്യന്‍ ടൈംസ് മാനേജിംഗ് എഡിറ്റര്‍ പര്‍വീണ്‍ ചോപ്ര തുടങ്ങിയ മാധ്യമ പ്രതിഭകള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

അച്ചടി ദൃശ്യ ഓണ്‍ലൈന്‍ മാധ്യമരംഗത്തുള്ള ഇന്ത്യന്‍-അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ സമന്വയിപ്പിക്കുന്നതിനുള്ള കൂട്ടായ്മയായ ഇന്തോ-അമേരിക്കന്‍ പ്രസ്ക്ളബ് (ഐഎപിസി) കഴിഞ്ഞ വര്‍ഷം നവംബറിലാണ് രൂപീകരിച്ചത്. പ്രസിഡന്റ് അജയ് ഘോഷ്, ചെയര്‍മാന്‍ ജിന്‍സ്മോന്‍ സക്കറിയ, ജനറല്‍ സെക്രട്ടറി വിനീത നായര്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫാ. ജോണ്‍സന്‍ പുഞ്ചക്കോണം തുടങ്ങിയവരാണ് ഐഎപിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. അമേരിക്കയിലും കാനഡയിലും ഓസ്ട്രേലിയയിലും ഗള്‍ഫിലുമുള്ള മാധ്യമരംഗത്തെ പ്രമുഖര്‍ ഐഎപിസിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. വളര്‍ന്നു വരുന്ന മാധ്യമപ്രവര്‍ത്തകരെ നൂതന വിവര സാങ്കേതിക ജാലകങ്ങളിലൂടെ പരസ്പരം ബന്ധിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഐഎപിസി പ്രതിജ്ഞാബദ്ധമാണ്.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള