നിലമ്പൂര്‍ സ്വദേശിയുടെ മരണം കൊലപാതകമെന്ന്; ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി
Monday, October 5, 2015 4:19 AM IST
റിയാദ്: ശനിയാഴ്ച പുലര്‍ച്ചെ റിയാദിലെ ദരയ്യയിലുള്ള താമസസ്ഥലത്തെ വര്‍ക്ഷോപ്പില്‍ മരിച്ച നിലയില്‍ കണ്െടത്തിയ നിലമ്പൂര്‍ രാമന്‍കുത്ത് സ്വദേശി തണ്ടുപാറക്കല്‍ മുഹമ്മദ് ഷരീഫി (34) ന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും അന്വേഷണം നടത്തമെന്നും അപേക്ഷിച്ചു ഷരീഫിന്റെ ഭാര്യ കരുളായി സ്വദേശിനി അസ്ലിയ റിയാദ് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി. ഏഴു വര്‍ഷമായി റിയാദിലുള്ള മുഹമ്മദ് ഷരീഫ് ദരയ്യയിലെ ഒരു സ്വകാര്യ കമ്പനിയിലാണു ജോലി ചെയ്യുന്നത്. കമ്പനിയുടെ ഒരു പ്രൊജക്ടില്‍ ജോലി ചെയ്യുന്ന ഷരീഫിനെ ഒരാഴ്ച മുന്‍പ് ജോലി സ്ഥലത്ത് വെച്ചും ഇതുപോലെ അപായപ്പെടുത്താന്‍ അജ്ഞാതര്‍ ശ്രമിച്ചിരുന്നുവത്രെ. ജോലി സ്ഥലത്ത് വെച്ച് കൈയ്യും കാലും കെട്ടിയിട്ട ശേഷം തലക്കടിച്ച് പരിക്കേല്‍പ്പിച്ച് ഷരീഫ് അബോധാവസ്ഥയിലായ ശേഷം അക്രമികള്‍ കടന്നു കളയുകയായിരുന്നു. കമ്പനിയധികൃതര്‍ അബോധാവസ്ഥയില്‍ കണ്ട ഷരീഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയ ശേഷം റൂമില്‍ കൊണ്ടുപോയാക്കുകയായിരുന്നു. അന്ന് പോലീസില്‍ പരാതിപ്പെട്ടിട്ടില്ല എന്നാണ് ബന്ധുക്കള്‍ക്ക് കമ്പനിയിലെ സഹപ്രവര്‍ത്തകരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.

ശനിയാഴ്ച രാവിലെ കമ്പനിയുടെ ലേബര്‍ ക്യാമ്പിലുള്ള വര്‍ക്ഷോപ്പില്‍ ജോലിക്കെത്തിയവരാണു അതിനകത്ത് ഷരീഫ് തൂങ്ങിനില്‍ക്കുന്നതായി കണ്ടത്. കൈകളും കാലുകളും കൂട്ടി കെട്ടിയ നിലയിലും വായില്‍ തുണി തിരികിയ നിലയിലുമാണു കണ്ടതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ പോലീസെത്തി മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവുമില്ലാത്ത തന്റെ ഭര്‍ത്താവിനെ മനപൂര്‍വം ആരോ അപായപ്പെടുത്തിയതാണെന്നും കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഷരീഫിന്റെ ഘാതകരെ കണ്െടത്തി നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്നും ഭാര്യ അസ്ലിയയുടെ പരാതിയില്‍ പറയുന്നു. തണ്ടുപാറക്കല്‍ ബീരാന്‍ -കൌലത്ത് ദമ്പതികളുടെ മൂന്നാമത്തെ മകനാണ് മുഹമ്മദ് ഷരീഫ്. മൂത്ത സഹോദരന്‍മാരായ ജിദ്ദയില്‍ ജോലി ചെയ്യുന്ന ഫൈസല്‍, മക്കയില്‍ ജോലിയിലുള്ള സൈനുലാബിദ് എന്നിവര്‍ ഷരീഫിന്റെ മരണ വിവരമറിഞ്ഞ് റിയാദിലെത്തിയിട്ടുണ്ട്. ഇവരെക്കൂടാതെ ഷമീമ, ജുനൈദ് എന്നീ സഹോദരങ്ങളാണുള്ളത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍