മാര്‍ ജോയ് ആലപ്പാട്ടിന്റെ മെത്രാഭിഷേക വാര്‍ഷികം ആഘോഷിച്ചു
Saturday, October 3, 2015 8:44 AM IST
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക വാര്‍ഷികം ആഘോഷിച്ചു. സെപ്റ്റംബര്‍ 27നു കത്തീഡ്രല്‍ പള്ളിയില്‍ നടന്ന ചടങ്ങില്‍ നിരവധി ഇടവകാംഗങ്ങള്‍ പങ്കെടുത്തു.

സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയില്‍നിന്നും മെത്രാഭിഷിക്തനായി ഒരുവര്‍ഷം തികയുന്ന ഈ ദിവസം കാരുണ്യവാനായ ദൈവത്തിനും മറ്റെല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി മാര്‍ ജോയ് ആലപ്പാട്ട് പറഞ്ഞു.

മാര്‍ ആലപ്പാട്ടിന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കൈക്കാരന്മാരായ മനീഷ് ജോസഫ്, ആന്റണി ഫ്രാന്‍സീസ്, ഷാബു ജോസഫ്, പോള്‍ പുളിക്കന്‍ എന്നിവര്‍ ഇടവകജനതയെ പ്രതിനിധീകരിച്ച് ബൊക്കെ നല്‍കി അനുമോദിച്ചു. ജന്മദിനംകൂടിയായ അന്നേദിവസം കേക്ക് മുറിച്ച് ഏവര്‍ക്കും നല്‍കി സന്തോഷം പങ്കുവച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തും ഇടവക വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പിലും ആശംസകളറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം