അറബി ഭാഷയുടെ പ്രാധാന്യം ഏറി വരുന്നു
Saturday, October 3, 2015 8:37 AM IST
ദോഹ: ഇന്തോ-അറബ് ബന്ധം കൂടുതല്‍ ഊഷ്മളവും സുദൃഢവുമാക്കുന്നതില്‍ അറബി ഭാഷക്ക് സുപ്രധാനമായ പങ്കുണ്െടന്നും ലോക സംസ്കാരത്തിനും വൈജ്ഞാനിക നവോഥാനത്തിനും അനര്‍ഘ സംഭാവനകള്‍ നല്‍കിയ അറബി ഭാഷ ചരിത്രപരവും സാഹിത്യപരവുമായ ഒട്ടേറെ സവിശേഷതകളുള്ളതാണെന്നും ഇന്ത്യന്‍ എംബസി ഫസ്റ് സെക്രട്ടറി ദിനേശ് ഉദേനിയ. ഇന്ത്യയിലെ പ്രമുഖ പ്രസാധകരായ കൃതി പ്രകാശന്‍ ദോഹയിലെ ഇന്ത്യന്‍ സ്കൂളുകളിലെ അറബി അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധ്യാപനം കൂടുതല്‍ കാര്യക്ഷമവും രചനാത്മകവുമാകണമെങ്കില്‍ നിരന്തരമായ പരിശീലന പരിപാടികള്‍ അത്യാവശ്യമാണ്. അധ്യാപകര്‍ കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടുവാന്‍ വിദ്യാര്‍ഥികളെ സജ്ജരാക്കുന്നതോടൊപ്പം വ്യക്തി തലത്തിലുള്ള വളര്‍ച്ചയ്ക്കും ഊന്നല്‍ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.

കൃതി പ്രകാശന്‍ ഡയറക്ടര്‍ ഹിമാന്‍ശു സിംഗ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ശാന്തി നികേതന്‍ ഇന്ത്യന്‍ സ്കൂള്‍ പ്രസിഡന്റ് കെ.സി. അബ്ദുള്‍ ലത്തീഫ്, ഭവന്‍സ് പബല്‍ക് സ്കൂള്‍ പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍, നോബിള്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ പ്രസിഡന്റ് ഹുസൈന്‍ മുഹമ്മദ്, സ്കോളേഴ്സ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ചെയര്‍മാന്‍ ഡോ. വണ്ടൂര്‍ അബൂബക്കര്‍, അക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷുക്കൂര്‍ കിനാലൂര്‍ എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരുന്നു. കൃതി പ്രകാശന്‍ എക്സ്പോര്‍ട്ട് മാനേജര്‍ മുഹമ്മദ് മിന്‍ഹാജ് ഖാന്‍ സ്വാഗതവും അമാനുള്ള വടക്കാങ്ങര നന്ദിയും പറഞ്ഞു. ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സ്കൂളുകളെ പ്രതിനിധീകരിച്ച് മുപ്പതോളം അധ്യാപകര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.