ഫ്രാന്‍സിസ് പാപ്പായ്ക്കും ആംഗല മെര്‍ക്കലിനും നൊബേല്‍ സമ്മാനത്തിനു നാമനിര്‍ദേശം
Friday, October 2, 2015 8:20 AM IST
ബര്‍ലിന്‍: ഫ്രാന്‍സിസ് പാപ്പായെയും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനെയും സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനു നാമനിര്‍ദേശം ചെയ്തു. ജര്‍മന്‍ പാര്‍ലമെന്റില്‍ (ബുണ്ടസ്ടാഗ്) എംപിമാരാണ് മെര്‍ക്കലിനെ പിന്താങ്ങി നാമനിര്‍ദേശം ചെയ്തത്. ഉക്രെയ്ന്‍ പ്രശ്നം പരിഹരിക്കാന്‍ നടത്തിയ ഇടപെടലുകള്‍ കണക്കിലെടുത്താണിത്. ഇതുകൂടാതെ ആനുകാലികമായി ഉണ്ടായ അഭയാര്‍ഥിപ്രശ്നത്തില്‍ മെര്‍ക്കല്‍ കൈക്കൊണ്ട സമീപനവും ഇതിനു ബലമേകുന്നു.

ഉക്രെയ്നില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കഴിഞ്ഞ ആഴ്ച മിന്‍സ്കില്‍ ഒപ്പുവച്ച രണ്ടാം വെടിനിര്‍ത്തല്‍ കരാര്‍ വളരെ ഫലപ്രദമായെന്ന് ക്രിസ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ എംപിമാര്‍ അവകാശപ്പെടുന്നു.

റഷ്യയുടെ ഏറ്റവും ശക്തമായ യൂറോപ്യന്‍ സഖ്യം ജര്‍മനിയുമായാണ് നിലനിന്നിരുന്നത്. ഉക്രെയ്ന്‍ പ്രശ്നത്തോടെ റഷ്യയില്‍നിന്ന് മതിയായ അകലം പാലിക്കാനും ഉക്രെയ്നില്‍ സമാധാനം പുനസ്ഥാപിക്കാനും മെര്‍ക്കല്‍ നയിച്ച ജര്‍മനിക്കു സാധിച്ചെന്നാണ് എംപിമാരുടെ വാദം.

മെര്‍ക്കലിന്റെ നാമനിര്‍ദേശം അംഗീകരിക്കപ്പെടാന്‍ സാധ്യത ഏറെയാണെന്നാണ് യൂറോപ്പില്‍ നിന്നുള്ള നിരീക്ഷകരില്‍ പലരും വിലയിരുത്തുന്നത്. യൂറോപ്പിന്റെ ചരിത്രത്തിലെ തന്നെ നിര്‍ണായകമായ ഒരു ഘട്ടത്തില്‍ ധാര്‍മികമായ നേതൃത്വം ഏറ്റെടുക്കാന്‍ അവര്‍ക്കു സാധിച്ചെന്നാണ് വിലയിരുത്തപ്പെടുന്നതെന്ന് സെലക്ഷന്‍ കമ്മിറ്റിയുമായി അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുന്നു. ജര്‍മന്‍ വാര്‍ത്താ ഏജന്‍സി (ഡിപിഎ) ആണ് ഇക്കാര്യം പുറത്തുവിട്ടത്.

മെര്‍ക്കലിനെ കൂടാതെ ഫ്രാന്‍സിസ് മാര്‍പാപ്പയും യുഎന്‍ റെഫ്യൂജി എജന്‍സിയുമാണ് നൊബേല്‍ സമാധാന സമ്മാനത്തിനു സജീവ പരിഗണനയിലുള്ളത്. ആകെ 273 പേരുടെയാണ് നാമനിര്‍ദേശങ്ങള്‍ ലഭിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ഒക്ടോബര്‍ ഒമ്പതിനു ഒസ്ലോയില്‍ പ്രഖ്യാപിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍