കേംബ്രിഡ്ജില്‍ ഗ്രാന്‍ഡ് റിവര്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം നടത്തി
Friday, October 2, 2015 8:18 AM IST
കേംബ്രിഡ്ജ്: ഗ്രാന്‍ഡ് റിവര്‍ മലയാളി അസോസിയേഷന്‍ വിവിധ പരിപാടികളോടെ കേംബ്രിഡ്ജില്‍ ഓണാഘോഷം സംഘടിപ്പിച്ചു.

സെപ്റ്റംബര്‍ 12നു നടന്ന ഓണാഘോഷ പരിപാടിയില്‍ ഇലയില്‍ വിളമ്പിയ വിഭവസമൃദ്ധമായ സദ്യയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിതമ്പുരാന്‍ എഴുന്നള്ളിയതോടെ കലാപരിപാടികള്‍ക്കു തുടക്കമായി. മലയാളത്തനിമ വിളിച്ചോതുന്ന തിരുവാതിര അടക്കമുള്ള കലാപരിപാടികള്‍ അരങ്ങേറി. പ്രായഭേദമന്യേ കുട്ടികളും മുതിര്‍ന്നവരും കലാപരിപാടികള്‍ അവതരിപ്പിച്ചു. ശബ്ദമാദുര്യം കൊണ്ട് ശ്രോതാക്കളുടെ മനം കവര്‍ന്ന ഗായകരും ചേര്‍ന്നപ്പോള്‍ മറ്റൊരു ഓണക്കാലം കൂടെ മധുരകരമായ ഓര്‍മയായി മാറി.

അസോസിയേഷന്റെ പുതിയ ഭാരവാഹികളായി അലക്സ് തോമസ് (പ്രസിഡന്റ്), തോമസ് ദേവസി (വൈസ് പ്രസിഡന്റ്), ദീപനാദ് റയറോത് (സെക്രട്ടറി), രഞ്ജിത പിള്ള (ജോ. സെക്രട്ടറി), ശ്രീരാജ് ശ്രീധരന്‍ (ട്രഷറര്‍), സി.പി. ഗിരിഷ് (ജോ. ട്രഷറര്‍) എന്നിവര്‍ അടങ്ങുന്ന പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.