ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പേപ്പസിക്ക് സിനഡ് പുതിയ നിര്‍വചനമാകും
Friday, October 2, 2015 8:18 AM IST
വത്തിക്കാന്‍സിറ്റി: റോമില്‍ ഒക്ടോബര്‍ നാലിനു (ഞായര്‍) ചേരുന്ന കര്‍ദ്ദിനാളന്മാരുടെ സിനഡ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നയങ്ങള്‍ക്കു പുതിയ നിര്‍വചനമാകുമെന്ന് വിലയിരുത്തല്‍.

ഒമ്പതു ദിവസം ദീര്‍ഘിച്ച യുഎസ് പര്യടനത്തിനുശേഷം ഇറ്റലിയില്‍ തിരിച്ചെത്തി ആറു ദിവസത്തിനുള്ളിലാണ് സിനഡ് നടക്കുന്നത്. കത്തോലിക്കാ സഭയിലെ കുടുംബ ബന്ധങ്ങള്‍ വരെ പുനര്‍നിര്‍ണയിക്കുന്നതു ചര്‍ച്ച ചെയ്ത കഴിഞ്ഞ വര്‍ഷത്തെ അസാധാരണ സിനഡിനു തുടര്‍ച്ചയായാണ് ഇതു നടത്തുന്നത്.

120 രാജ്യങ്ങളില്‍ നിന്നായി കര്‍ദ്ദിനാളന്മാരും ബിഷപ്പുമാരുമായി 279 പേര്‍ പങ്കെടുക്കും. ഇതിനു പുറമേ, 17 വിവാഹിത ദമ്പതികളെയും 17 ഓഡിറ്റര്‍മാരെയും വോട്ടവകാശമില്ലാത്ത മറ്റു പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളാണ്.

കേരളത്തില്‍ നിന്ന് കര്‍ദിനാളന്മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ എന്നിവര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് എട്ടു സഭാമേലധ്യക്ഷന്മാരാണ് ഇത്തവണത്തെ സിനഡില്‍ പങ്കെടുക്കുന്നത്. ബോംബെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ.ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഗോവ ആര്‍ച്ച്ബിഷപ് ഡോ. ഫിലിപ്പ് നേരി ഫെറാവോ, ഷില്ലോംഗ് ആര്‍ച്ച്ബിഷപ് ഡോ.ഡൊമിനിക് ജാല, തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റര്‍ പൊന്നുമുത്തന്‍ എന്നിവരാണ് ഇന്ത്യയിലെ മെത്രാന്മാരില്‍ നിന്നുള്ള മറ്റു പ്രതിനിധികള്‍. അല്മായ പ്രതിനിധികളായി കേരളത്തില്‍ നിന്നും പ്രഫ. ജേക്കബ് എം. ഏബ്രഹാം (മല്ലപ്പള്ളി), മുംബൈയില്‍ നിന്നും ഈശ്വര്‍ ബജാജ്, പെന്നി ബജാജ് എന്നിവരും സിനഡില്‍ പങ്കെടുക്കുന്നുണ്ട്.

സിനഡിനു മുന്നോടിയായി സഭയിലെ പാരമ്പര്യവാദികളും പരിഷ്കരണവാദികളും പുസ്തകങ്ങളിലൂടെയും ആഹ്വാനങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും ലേഖനങ്ങളിലൂടെയുമെല്ലാം തങ്ങളുടെ നയങ്ങള്‍ക്കു പരമാവധി പ്രചാരം നല്‍കുന്നു. സ്വവര്‍ഗ ബന്ധങ്ങള്‍ സംബന്ധിച്ചും സിനഡില്‍നിന്ന് സുപ്രധാന തീരുമാനം പ്രതീക്ഷിക്കുന്നു. 25നു സിനഡ് സമാപിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍