ഫ്രട്ടേണിറ്റി ഫോറം പ്രവര്‍ത്തകര്‍ മിനയോടു വിടപറഞ്ഞു
Friday, October 2, 2015 5:07 AM IST
മക്ക: അല്ലാഹുവിന്റെ അതിഥികളായെത്തിയ തീര്‍ഥാടകര്‍ക്ക് സേവനം ചെയ്ത ചാരിതാര്‍ഥ്യത്തോടെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍ മിനയോട് വിടപറഞ്ഞു. അവസാനത്തെ തീര്‍ഥാടകനും തമ്പുകളുടെ താഴ്വരയില്‍ നിന്ന് മടങ്ങിയതോടെയാണു പ്രവര്‍ത്തകര്‍ മിന വിട്ടത്. ദുല്‍ഹജ്ജ് ഏട്ടു മുതല്‍ തന്നെ പ്രവര്‍ത്തകര്‍ മിനയിലെത്തിയിരുന്നു. മക്കയ്ക്കു പുറമേ ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളില്‍ നിന്നായി ആയിരത്തോളം പ്രവര്‍ത്തകരായിരുന്നു മിനായിലെത്തിയത്.

ഹാജിമാര്‍ മിനയില്‍ രാപ്പാര്‍ത്ത് എട്ടിനു രാത്രി മുതല്‍ തന്നെ അറഫയിലേക്ക് തിരിച്ചിരുന്നു. മശാഇര്‍ ട്രെയിന്‍ സ്റേഷനില്‍ ഹാജിമാരെ സഹായിക്കാനിറങ്ങിയ പ്രവര്‍ത്തകര്‍ മുഴുവന്‍ ഹാജിമാരും മിന വിടുന്നതുവരെ റെയില്‍വേ സ്റേഷനില്‍ സേവന പ്രവര്‍ത്തനത്തില്‍ മുഴുകി. അറഫയിലും ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. കടുത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ വെള്ളം, ചെരിപ്പ് തുടങ്ങിയ കിറ്റുമായാണ് പ്രവര്‍ത്തകര്‍ അറഫയിലെത്തിയത്.

അറഫസംഗമം കഴിഞ്ഞ് മിനയിലെത്തിയ നിരവധി തീര്‍ഥാടകര്‍ക്ക് തങ്ങളുടെ ടെന്റുകള്‍ മനസിലായിരുന്നില്ല. ഹാജിമാര്‍ക്ക് മുതവ്വിഫ് നല്‍കുന്ന മക്തബ് നമ്പര്‍ പരിശോധിച്ച് ശാസ്ത്രീയമായി രൂപകല്‍പ്പന ചെയ്ത മാപ്പുപയോഗിച്ച് യഥാസ്ഥാനത്ത് എത്തിച്ചിരുന്നു. ഇന്ത്യക്കാര്‍ക്ക് പുറമെ മറ്റു രാജ്യക്കാര്‍ക്കും ഉപകാരപ്പെടുന്ന മാപ്പായിരുന്നു ഫോറം തയാറാക്കിയിരുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരെ രംഗത്തിറക്കിയതിനാല്‍ ഭാഷാ പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമായിരുന്നു.

ദുല്‍ഹജ്ജ് 10 നുണ്ടായ മിന ദുരന്തത്തില്‍ വളരെ പ്രശംസനീയമായ പ്രവര്‍ത്തനമാണ് ഫ്രറ്റേണിറ്റി ഫോറം കാഴ്ച്ചവച്ചത്. അറബ് പത്രങ്ങളിലും വിവിധ ചാനലുകളിലും ഫോറം പ്രവര്‍ത്തകരുടെ രക്ഷാ പ്രവര്‍ത്തനം വാര്‍ത്തയായിരുന്നു. അപകടത്തില്‍ ഫ്രട്ടേണിറ്റി ഫോറം മദീന ഏരിയ സെക്രട്ടറി അന്‍വര്‍ഷാ വളാഞ്ചേരി തലനാരിഴക്കായിരുന്നു രക്ഷപ്പെട്ടത്. മൃതദേഹങ്ങള്‍ ആംബുലന്‍സിലും മറ്റു വാഹനങ്ങളിലുമായി കയറ്റാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരുന്നു പ്രവര്‍ത്തകര്‍.

അപകടം നടന്നയുടന്‍ വ്യത്യസ്ത സമയങ്ങളിലായി സേവനത്തിനിറങ്ങിയിരുന്ന മുഴുവന്‍ പ്രവര്‍ത്തകരും മിനായിലെ വിവിധ ആശുപത്രികളിലെത്തി വേണ്ട സഹായങ്ങള്‍ നല്‍കി. അപകട കാര്യങ്ങളെ കുറിച്ച് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ നല്‍കുന്നതിന് 24 മണിക്കൂറും സജ്ജമായ ഹെല്‍പ് ഡെസ്ക്ക് ഫോറം ഒരുക്കിയിരുന്നു.

മിനായിലെ സേവനം കഴിഞ്ഞെങ്കിലും അവസാന തീര്‍ഥാടകനും മടങ്ങുന്നതു വരെ മക്കയില്‍ പ്രവര്‍ത്തനം തുടരും. മൃതദേഹങ്ങള്‍ സൂക്ഷിച്ച മുഅയ്സിം മോര്‍ച്ചറിയിലും ഫോറം പ്രവര്‍ത്തകര്‍ ഇപ്പോഴും സജീവമാണ്.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍