സൌദിയില്‍ ജോലിക്കിടെ മലയാളി കെട്ടിടത്തില്‍നിന്നു വീണു മരിച്ചു
Friday, October 2, 2015 4:59 AM IST
റിയാദ്: ജോലിക്കിടെ റിയാദില്‍ മലയാളി കെട്ടിടത്തില്‍നിന്നു വീണു മരിച്ചു. വ്യാഴാഴ്ച രാവിലെ ഉണ്ടായ അപകടത്തില്‍ പാലക്കാട് തൃത്താല വി.കെ കടവ് സ്വദേശി പുത്തന്‍ പീടികയില്‍ മുഹമ്മദാലിയാണു (50) മരിച്ചത്. നിര്‍മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന റിയാദ് മലസിലെ ബഹുനില കെട്ടിടത്തില്‍ നിന്നു രാവിലെ 9.30ഓടെയാണ് കാല്‍ തെന്നി വീണത്. ഗുരുതര പരിക്കേറ്റ മുഹമ്മദാലിയെ മന്‍ഫുഅയിലെ അല്‍ഈമാന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് 1.30ഓടെ മരണം സംഭവിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. നാട്ടില്‍ കൊണ്ടുപോകുമെന്നു റിയാദിലുള്ള സഹോദരന്‍ ബഷീര്‍ അറിയിച്ചു. 18 വര്‍ഷമായി റിയാദിലുള്ള ബഷീര്‍ കെട്ടിട നിര്‍മാണജോലികളിലാണു ഏര്‍പ്പെട്ടിരുന്നത്. മൂന്നുവര്‍ഷമായി നാട്ടില്‍ പോയിട്ട്. സൈതാലിയാണ് പിതാവ്. ആമിനക്കുട്ടി മാതാവും. ഹഫ്സത്താണ് ഭാര്യ. മക്കള്‍: അഫ്സല്‍ (റിയാദ്), അനസ്, ആസിഫ്. മറ്റ് സഹോദരങ്ങള്‍: കുഞ്ഞുമൊയ്തു, അബൂബക്കര്‍, ഫാത്വിമ, ആയിഷ, മറിയക്കുട്ടി, റംല.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍