കബനി അണക്കെട്ടില്‍ ജലനിരപ്പ് താഴുന്നു; കര്‍ഷകര്‍ക്ക് ആശങ്ക
Friday, October 2, 2015 4:24 AM IST
മൈസൂരു: കര്‍ഷകരെ ആശങ്കയിലാഴ്ത്തി എച്ച്ഡി കോട്ടയിലെ കബനി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. 2,000അടിയിലേറെ ജലം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള അണക്കെട്ടില്‍ ഇപ്പോള്‍ 72 അടി ജലം മാത്രമാണ് ശേഷിക്കുന്നത്. സംസ്ഥാനംകടുത്തവരള്‍ച്ചയെ നേരിടുന്നസാഹചര്യത്തില്‍ അണക്കെട്ടിലും മതിയായ ജലമില്ലാത്തത് കരിമ്പ്,പച്ചക്കറികൃഷികളെ പ്രതികൂലമായി ബാധിക്കുന്നു.

അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതോടെ മൈസൂരു, മാണ്ഡ്യ തുടങ്ങിയ ജില്ലകളിലെ ജലവിതരണം ഭാഗികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. മൈസൂരുവിലെയും മാണ്ഡ്യയിലെയും രണ്ടുലക്ഷം ഏക്കറിലേറെ വരുന്ന കൃഷിഭൂമികളിലേക്കു ജലമെത്തിക്കുന്നത് കബനി അണക്കെട്ടില്‍ നിന്നാണ്. ജലനിരപ്പ് 20 അടി കൂടി താഴ്ന്നാല്‍ജലവിതരണം പൂര്‍ണമായും നിര്‍ത്തിവയ്ക്കേണ്ടിവരും. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ കേരളത്തിലെ വയനാട്ടില്‍ മഴ പെയ്താല്‍ മാത്രമേ പ്രതിസന്ധിക്കു പരിഹാരമാകൂ. കഴിഞ്ഞ മഴക്കാലത്ത് വയനാട്ടില്‍ മികച്ച മഴ ലഭിച്ചതിനെ തുടര്‍ന്ന് അണക്കെട്ട് നിറഞ്ഞിരുന്നു. എന്നാല്‍, തമിഴ്നാടിന് ഇവിടെനിന്നും ജലം വിട്ടുകൊടുക്കേണ്ടിവന്നതിനാലാണ് ജലനിരപ്പ് ഈ നിലയില്‍ താഴ്ന്നത്.