ബ്ളാറ്ററെ വീഴ്ത്താന്‍ കുഴിച്ച കുഴിയില്‍ പ്ളാറ്റിനിയും ?
Thursday, October 1, 2015 8:03 AM IST
സൂറിച്ച്: ഫിഫ പ്രസിഡന്റ് സെപ് ബ്ളാറ്ററെ വീഴ്ത്താനുള്ള വാരിക്കുഴിയൊരുക്കുന്നതിനു നേതൃത്വം നല്‍കിയതു യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ളാറ്റിനി ആയിരുന്നു. ഇപ്പോള്‍ അദ്ദേഹം സ്വയം ആ കുഴിയിലേക്കു കാലും നീട്ടി ഇരിക്കുന്ന അവസ്ഥ.

പ്ളാറ്റിനിയുടെ നിര്‍ണായക വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ബ്ളാറ്റര്‍ക്കെതിരേ നേരിട്ട് സ്വിസ് അധികൃതര്‍ അന്വേഷണം തുടങ്ങി. എന്നാല്‍, പ്ളാറ്റിനിയെ ഈ കേസില്‍ സാക്ഷി മാത്രമായി കാണാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. സാക്ഷിക്കും പ്രതിക്കും ഇടയില്‍ എവിടെയോ ആണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനമെന്നും അവരുടെ മുന്നറിയിപ്പ്.

ബ്ളാറ്റര്‍ പ്ളാറ്റിനിക്ക് 20 ലക്ഷം യൂറോ അന്യായമായി കൈമാറിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിനു കിട്ടിയിരിക്കുന്ന വിവരം. എന്നാല്‍, ഇതു തീര്‍ത്തും ചട്ടപ്രകാരമായിരുന്നു എന്നാണു ബ്ളാറ്ററെ പോലെ പ്ളാറ്റിനിയും വാദിക്കുന്നത്.

ബ്ളാറ്ററുടെ മാനസപുത്രനായാണു യഥാര്‍ഥത്തില്‍ പ്ളാറ്റിനി ഫുട്ബോള്‍ ഭരണ രംഗത്തേക്കു വരുന്നതും യുവേഫ പ്രസിഡന്റ് സ്ഥാനം വരെ നേടിയെടുക്കുന്നതും. പിന്നീട് ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം ബ്ളാറ്ററുടെ ഏറ്റവും വലിയ ശത്രുവായി പ്ളാറ്റിനി മാറുകയായിരുന്നു. എന്നാല്‍, ഒരിക്കലും ബ്ളാറ്ററെ നേരിട്ടെതിര്‍ക്കാന്‍ പ്ളാറ്റിനി തയാറായിരുന്നില്ല. കഴിഞ്ഞ ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിഴല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയായിരുന്നു മത്സരമെങ്കില്‍, ഇക്കുറി ബ്ളാറ്റര്‍ മത്സരിക്കില്ലെന്ന് ഉറപ്പായതോടെ പ്ളാറ്റിനി സ്വന്തം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുകയായിരുന്നു.

എന്തായാലും ബ്ളാറ്റര്‍ക്കെതിരെ സ്വിസ് ഭരണകൂടം അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ ബ്ളാറ്ററിന്റെ അഴിമതിക്കു കൂട്ടുനിന്നവരും കുടപിടിച്ചവരുമൊക്കെ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുമെന്നതുകൊണ്ട് പ്ളാറ്റിനിയല്ല ഏതു വമ്പനായാലും പുകമറയ്ക്കുള്ളില്‍ നിന്നു പുറത്തുവരേണ്ടിവരും. ഒരുപക്ഷേ പ്ളാറ്റിനി സ്വപ്നം കാണുന്ന ഫിഫ പ്രസിഡന്റു സ്ഥാനവും ഒടുവില്‍ പുകയായിത്തീരും. കാത്തിരുന്നു കാണാം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍