പത്ത് കല്‍പനകള്‍ ആലേഖനം ചെയ്ത സ്റാച്യു നീക്കം ചെയ്യാന്‍ തീരുമാനം
Thursday, October 1, 2015 8:00 AM IST
ഒക്ലഹോമ: ഒക്ലഹോമ സംസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന പത്തു കല്‍പനകള്‍ ആലേഖനം ചെയ്ത ഗ്രാനൈറ്റ് സ്റാച്യു ഒക്ടോബര്‍ 12നു മുമ്പ് എടുത്തു മാറ്റാന്‍ തീരുമാനമായി. ഇതു സംബന്ധിച്ചു സെപ്റ്റംബര്‍ 29നു കമ്മീഷന്‍ അംഗങ്ങളുടെ യോഗത്തില്‍ ക്യാപിറ്റല്‍ പ്രസര്‍വേഷന്‍ കമ്മീഷന്‍ ഒന്നിനെതിരെ ഏഴു വോട്ടുകളോടെയാണ്ു തള്ളിയത്.

പത്തു കല്‍പനകള്‍ ആലേഖനം ചെയ്തിരിക്കുന്ന ഒരു ടണ്‍ ഭാരമുളള സ്റാച്യു ഒരു മതത്തിന്റെ താത്പര്യങ്ങള്‍ കണക്കിലെടുത്തു പൊതുഫണ്ടില്‍നിന്നും പണം ചെലവഴിച്ചു നിര്‍മിച്ചിരിക്കുന്നതാണെന്നും അതു പൊതുസ്ഥലത്തുനിന്നു നീക്കം ചെയ്യേണ്ടതാണെന്നും സുപ്രീംകോടതി നേരത്തെ തന്നെ വിധി പ്രഖ്യാപിച്ചിരുന്നു. സ്റാച്യു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ഒക്ലഹോമ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ എട്ടു ജഡ്ജിമാരില്‍ ഒരാളൊഴികെ എല്ലാവരും യൂണിയന്റെ ആവശ്യം അംഗീകരിക്കുയും ഉടന്‍ നടപ്പാക്കുവാന്‍ ജില്ലാ കോടതിക്കു നിര്‍ദേശം നല്‍കുകയും ചെയ്തു.

സ്റാച്യു നീക്കം ചെയ്യുന്നില്ലെങ്കില്‍ സാത്താനിസ്റ്, ആനിമല്‍റൈറ്റ്സ് തുടങ്ങിയ ഗ്രൂപ്പുകള്‍ അവരുടെ പ്രതിമ ഒക്ലഹോമ തലസ്ഥാനത്തു സ്ഥാപിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. മാസങ്ങളോളം നീണ്ടു നിന്ന വാദപ്രതിവാദങ്ങള്‍ക്കും ചരിത്ര പ്രാധാന്യമുളള സ്റാച്യു സംരക്ഷിക്കുവാന്‍ കഴിഞ്ഞില്ല എന്നത് ഇതിനെ അനുകൂലിക്കുന്നവരെ നിരാശപ്പെടുത്തിയപ്പോള്‍, സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ വിജയാഘോഷ ലഹരിയിലാണ്.

പരിപാവനമായി കരുതിയിരുന്ന ചരിത്ര സ്മാരകങ്ങള്‍ നീക്കം ചെയ്തു മുന്നോട്ടു കുതിക്കുന്ന രാജ്യത്തിന്റെ ഭാവി എന്തായി തീരുമെന്നാണു ഭൂരിപക്ഷം ജനവിഭാഗങ്ങളുടെയും ആശങ്ക.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍