മീറ്റര്‍ റീഡിംഗ് തീരുമാനം പിന്‍വലിക്കണം: കല കുവൈറ്റ്
Thursday, October 1, 2015 5:11 AM IST
കുവൈറ്റ് സിറ്റി: പ്രവാസികളടക്കമുളള സാധാരണക്കാരെ ദുരിതക്കയത്തിലാക്കിക്കൊണ്ട് കെഎസ്ഇബി. മീറ്റര്‍ റീഡിംഗിനു ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ വീട്ടില്‍ ആളില്ലെങ്കില്‍ പിഴ ചുമത്തും എന്ന വിവാദ ഉത്തരവ് പിന്‍വലിക്കണമെന്നു കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് പ്രസ്താവനയിലൂടെ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വൈദ്യുത ബോര്‍ഡിന്റേതാണു പുതിയ ഉത്തരവ്. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ റീഡിംഗിനു വരുമ്പോള്‍ തുടര്‍ച്ചയായി രണ്ട് പ്രാവശ്യം വീട്ടില്‍ ആളില്ലാത്ത സാഹചര്യം ഉണ്ടായാലാണു പിഴ ചുമത്തുക. സിംഗിള്‍ ഫേസ് ലൈനിനു 250 രൂപയും ത്രീഫേസ് ലൈനാണെങ്കില്‍ 500 രൂപയും ആണ് പിഴ. മീറ്റര്‍ റീഡിങ് എല്ലാ മാസവും ഒരേ തീയതിയില്‍ അല്ല ഒരു വീട്ടില്‍ നടക്കുന്നത്. മുന്‍കൂട്ടി അറിയിച്ചുമല്ല റീഡിംഗിനു വരുന്നത്. ഈ സാഹചര്യത്തില്‍ ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങള്‍ അടക്കമുള്ളയാളുകളെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്ന ഈ ഉത്തരവ് പിന്‍വലിക്കണമെന്ന് കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത്തും ജനറല്‍സെക്രട്ടറി സജി തോമസ് മാത്യുവും പ്രസ്താവനയില്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍