ജര്‍മനിയില്‍ പുതിയ അഭയാര്‍ഥി നിയമം നവംബറില്‍ നിലവില്‍ വരും
Wednesday, September 30, 2015 8:48 AM IST
ബര്‍ലിന്‍: എട്ടു ലക്ഷം മുതല്‍ പത്തുലക്ഷം അഭയാര്‍ഥികള്‍ അഭയസ്ഥാനം നല്‍കുമെന്ന ജര്‍മനിയുടെ പ്രഖ്യാപനം നവംബറില്‍ നിലവില്‍ വരുന്ന പുതിയ അഭയാര്‍ഥി നിയമത്തിന്റെ ചുവടുപിടിച്ചാകുമെന്ന സൂചനയുമായി പുതിയ അഭയാര്‍ഥി നിയമം ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ വിശാല മുന്നണി അംഗീകരിച്ചു.

പുതിയ അഭയാര്‍ഥി നിയമബില്ലിനു ജര്‍മന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയെങ്കിലും പാര്‍ലമെന്റ് അംഗീകരിച്ച് പ്രസിഡന്റ് അനുമതികൂടിയുണ്െടങ്കില്‍ മാത്രമേ നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തിലാവൂ.

അഭൂതപൂര്‍വമായ അഭയാര്‍ഥിപ്രവാഹം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ നിലവിലുള്ള നിയമങ്ങള്‍ പര്യാപ്തമല്ലാത്ത സാഹചര്യത്തിലാണു പുതിയ നിയമം കൊണ്ടുവന്നത്.

പുതിയ നിയമത്തില്‍ അനുശാസിക്കുന്നതുപോലെ അനധികൃതമായി അഭയാര്‍ഥിപട്ടികയില്‍ കടന്നു കൂടിയവരെ ജര്‍മനിയില്‍ നിന്നും നാടുകടത്തും. പ്രത്യേകിച്ച് ബാല്‍ക്കണ്‍ രാജ്യങ്ങളായ കൊസോവോ, മോണ്‍റ്റിനീഗ്രോ, അല്‍ബാനിയ, ക്രോയേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള അഭയാര്‍ഥികളെ എത്രയും വേഗം ജര്‍മനിയില്‍ നിന്നും നാടുകടത്തും.

അഭയാര്‍ഥികള്‍ക്ക് ധനസഹായം വര്‍ധിപ്പിക്കാന്‍ യൂറോപ്യന്‍ നേതാക്കള്‍ ധാരണയിലെത്തി

അഭയാര്‍ഥി പ്രശ്നം നേരിടാനും അഭയാര്‍ഥികളെ സഹായിക്കാനുമുള്ള പുതിയ പദ്ധതികള്‍ സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ തമ്മില്‍ ധാരണയായി.

ഏതു രാജ്യത്തു താമസമുറപ്പിക്കണമെന്നു തീരുമാനിക്കാന്‍ അഭയാര്‍ഥികള്‍ക്ക് അവകാശമുണ്ടായിരിക്കില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ യോഗത്തിനു ശേഷം പ്രഖ്യാപിച്ചു.

അഭയാര്‍ഥികളില്‍ പലരും രജിസ്ട്രേഷന്‍ ഒഴിവാക്കുകയാണ്. ഇതു നിയന്ത്രിക്കാനും പരമാവധി ആളുകളെ രജിസ്റര്‍ ചെയ്യാനും തീരുമാനമായി. ഗ്രീസ്, ഇറ്റലി, ബള്‍ഗേറിയ എന്നീ രാജ്യങ്ങളിലായിരിക്കും ഇതിനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുക.

യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമില്‍നിന്നുള്ള ഒരു ബില്യന്‍ യൂറോയും തുര്‍ക്കിയില്‍ നേരിട്ടു സഹായമെത്തിക്കാന്‍ മറ്റൊരു ബില്യനും അനുവദിച്ചു. യൂറോപ്യന്‍ യൂണിയന്‍ ബോര്‍ഡര്‍ ഏജന്‍സിയായ ഫ്രോണ്‍ടെക്സ് ശക്തിപ്പെടുത്താനും ഫണ്ട് അനുവദിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍