ന്യൂ ഏജ് തെങ്ങമം മാധ്യമ പുരസ്കാരം നജീം കൊച്ചുകലുങ്കിന്
Wednesday, September 30, 2015 8:47 AM IST
റിയാദ്: തെങ്ങമം ബാലകൃഷ്ണന്റെ സ്മരണാര്‍ഥം ന്യൂഏജ് ഇന്ത്യ സാംസ്കാരിക വേദി റിയാദ് ഘടകം ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്കാരം ഈ വര്‍ഷം ഗള്‍ഫ് മാധ്യമം ലേഖകന്‍ നജീം കൊച്ചുകലുങ്കിന്.

25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഒക്ടോബര്‍ രണ്ടിനു (വെള്ളി) വൈകുന്നേരം എക്സിറ്റ് 30 നടുത്ത മുശ്തിഷാര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ന്യൂ ഏജ് ഓണം ഈദ് ആഘോഷപരിപാടിയില്‍ വച്ച് മുന്‍ മന്ത്രി ബിനോയ് വിശ്വം സമ്മാനിക്കും.

മിഡില്‍ ഈസ്റില്‍ നിന്നുള്ള മികച്ച മലയാളം മാധ്യമ പ്രവര്‍ത്തകനെ തെരഞ്ഞെടുക്കാനുള്ള മത്സരത്തിനായി അയച്ചു കിട്ടിയ എന്‍ട്രികളില്‍ നിന്നും നാട്ടിലേയും റിയാദിലേയും ജൂറികള്‍ വിദഗ്ധ പരിശോധനയിലൂടെ തെരഞ്ഞെടുത്ത അഞ്ചു മികച്ച ലേഖനങ്ങളില്‍ നിന്നാണ് നജീം കൊച്ചുകലുങ്കിന്റെ ലേഖനം തെരഞ്ഞെടുത്തതെന്ന് ന്യൂ ഏജ് ഭാരവാഹികള്‍ അറിയിച്ചു.

കെ.ഇ. ഇസ്മായില്‍ അടക്കമുള്ള സിപിഐ നേതാക്കള്‍ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ റിയാദിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്നും സംഘാടകസമിതി അംഗങ്ങള്‍ പറഞ്ഞു.

റിംഫ് റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഹരി നായര്‍, സക്കറിയ പുറക്കാട്, വിനോദ്രാജ്, സക്കീര്‍ വടക്കുംതല, ഷാനവാസ്, കൈരളി ഫുഡ്സ് എം.ഡി. മധു തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍