കാന്‍സര്‍ ശസ്ത്രക്രിയ: യുകെയില്‍ മലയാളി ഡോക്ടര്‍ക്കെതിരേ നടപടി
Wednesday, September 30, 2015 8:46 AM IST
ലണ്ടന്‍: പ്രോസ്റ്റേറ്റ് കാന്‍സര്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയില്‍ പൊരുത്തക്കേടുണ്ടായതായി സംശയം തോന്നിയതിനെത്തുടര്‍ന്നു മലയാളി ഡോക്ടര്‍ക്കെതിരേ യുകെയില്‍ നടപടി. സോളിഹള്‍ ആശുപത്രിയില്‍ കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റായിരുന്ന അറയ്ക്കല്‍ മനു നായരാണ് നടപടി നേരിടുന്നത്.

ആശുപത്രിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന് അദ്ദേഹം ജോലി രാജിവച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിനെതിരായ അന്വേഷണം ജനറല്‍ മെഡിക്കല്‍ കൌണ്‍സില്‍ തുടരുകയാണ്. ബര്‍മിംഹാമിനടുത്ത് സോളിഹള്‍ ആശുപത്രിയില്‍ ഡോ. മനു നടത്തിയ 170 ശസ്ത്രക്രിയകളാണ് സംശയത്തിന്റെ നിഴലിലുള്ളത്.

പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിക്കുന്നവരുടെ പ്രോസ്റ്റേറ്റ് ഗ്രന്ഥി നീക്കം ചെയ്യുന്ന സാധരണ ശസ്ത്രക്രിയയാണ് റാഡിക്കല്‍ പ്രോസ്റ്റാടെക്ടമി. ഡോ. മനു ശസ്ത്രക്രിയ നടത്തിയ എല്ലാ രോഗികളില്‍നിന്നും അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍