അഹമ്മദ് മുഹമ്മദിന് ന്യൂയോര്‍ക്ക് സിറ്റി ഹാളില്‍ രാജകീയ സ്വീകരണം
Wednesday, September 30, 2015 6:42 AM IST
ന്യൂയോര്‍ക്ക്: ടെക്സസ് ഇര്‍വിംഗ് വിദ്യാഭ്യാസ ജില്ലയിലെ മെക്കാര്‍തര്‍ സ്കൂള്‍ വിദ്യാര്‍ഥി അഹമ്മദ് മുഹമ്മദിനു തിങ്കളാഴ്ച ന്യൂയോര്‍ക്ക് സിറ്റി ഹാളില്‍ സ്വീകരണം നല്‍കി.

സ്വന്തമായി നിര്‍മിച്ച ഡിജിറ്റല്‍ ക്ളോക്ക് അധ്യാപകരെ കാണിക്കുവാനുളള തിടുക്കത്തില്‍ സ്കൂളില്‍ കൊണ്ടു വന്നതാണ് അഹമ്മദിനെ പ്രശസ്തനാക്കിയത്.

ഡിജിറ്റല്‍ ക്ളോക്ക് ബോംബാണെന്നു തെറ്റിദ്ധരിച്ച് അധ്യാപകര്‍ പോലീസില്‍ വിവരമറിയിച്ചു. ഇതിനെതുടര്‍ന്നു ക്ളാസ് റൂമില്‍നിന്നു പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ കൊണ്ടുവന്ന വിദ്യാര്‍ഥിയെ പോലീസ് കൈകളില്‍ വിലങ്ങണിച്ച് വാനില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. കുടുംബാംഗങ്ങളുടേയോ അറ്റോര്‍ണിയുടേയോ സാന്നിധ്യം ഇല്ലാതെ പതിനാലുകാരനായ അഹമ്മദിനെ ചോദ്യം ചെയ്തതും അറസ്റ് ചെയ്തതും ദേശീയ തലത്തില്‍ വലിയ വിവാദങ്ങള്‍ക്കു വഴിമരുന്നിട്ടിരുന്നു.

മുസ്ലിം സമുദായാംഗങ്ങള്‍ക്കു നേരേ നടക്കുന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നു വിമര്‍ശനങ്ങളുയര്‍ന്നു. ഒടുവില്‍ പ്രസിഡന്റ് ഒബാമ തന്നെ ഈ വിഷയത്തില്‍ നേരിട്ടു ഇടപെടുകയും അഹമ്മദിനെ വൈറ്റ് ഹൌസിലേക്കു ക്ഷണിക്കുകയും ചെയ്തിരുന്നു. ഗൂഗിള്‍, ഫേസ് ബുക്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ തലവന്മാര്‍ വിദ്യാര്‍ഥിയെ അഭിനന്ദിക്കുകയും ശാസ്ത്രീയ രംഗത്തെ നേട്ടങ്ങള്‍ കൊയ്തെടുക്കാന്‍ കഴിയട്ടെ എന്നാശംസിക്കുകയും ചെയ്തു. നേരില്‍ കാണുന്നതിനുളള ആഗ്രഹവും പ്രകടിപ്പിച്ചു.

ന്യൂയോര്‍ക്ക് സിറ്റി ഹാളില്‍ എത്തിയ അഹമ്മദിനെ കൌണ്‍സില്‍ സ്പീക്കര്‍ മെലെസ പാര്‍ക്കിന്റെ നേതൃത്വത്തില്‍ സ്വീകരിക്കുകയും പ്രത്യേക മൊമന്റോ സമ്മാനിക്കുകയും ചെയ്തു. അഹമ്മദ് എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരു മാതൃകയാകട്ടെ എന്നു സിറ്റി കണ്‍ട്രോളര്‍ ആശംസിച്ചു. സ്പീക്കറുടെ ചെയറില്‍ ഇരുത്തിയാണ് അഹമ്മദിനെ ആദരിച്ചത്. അഹമ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരട്ടെ എന്ന് മേയര്‍ ബില്‍ ഡി ബ്ളാസിയൊ ആശംസിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍